ജിദ്ഹാഫ്സ് മാർക്കറ്റ്
നവീകരണ പ്രവർത്തനങ്ങൾ അടുത്ത വർഷം പൂർത്തിയാകുംമനാമ: ബഹ്റൈനിലെ പ്രശസ്തമായ ജിദ്ഹാഫ്സ് സെൻട്രൽ മാർക്കറ്റ് സമഗ്രമായ നവീകരണത്തിനൊരുങ്ങുന്നു. അടുത്ത വർഷം ആദ്യ മാസങ്ങളോടെ മാർക്കറ്റിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നും കൂടുതൽ സൗകര്യങ്ങളോടെ വിപണി സജ്ജമാകുമെന്നും മുനിസിപ്പൽ കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽഖലീഫ അറിയിച്ചു. പാർലമെന്റിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാർക്കറ്റിന്റെ ആഭ്യന്തര-ബാഹ്യ അറ്റകുറ്റപ്പണികൾ, ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ നവീകരണം, അടിസ്ഥാനസൗകര്യ വികസനം എന്നിവ ഈ വർഷംതന്നെ ആരംഭിക്കും. കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഉപകരിക്കുന്ന രീതിയിൽ വൃത്തിയുള്ളതും സംഘടിതവുമായ ഇടമായി മാർക്കറ്റിനെ മാറ്റുകയാണ് ലക്ഷ്യം. നിലവിൽ മാർക്കറ്റിലുള്ള 90 ശതമാനം വാണിജ്യ സ്ഥാപനങ്ങളുടെയും നിയമപരമായ പദവി ഇതിനകം ശരിയാക്കിക്കഴിഞ്ഞു. ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കും.
മാർക്കറ്റിലെ ചില സ്റ്റാളുകൾ നീക്കംചെയ്യുന്നതിനെക്കുറിച്ച് കച്ചവടക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, ഇത് അന്തിമമായ ഒഴിപ്പിക്കലല്ലെന്നും സുരക്ഷയും പാരിസ്ഥിതിക നിബന്ധനകളും പാലിക്കുന്നതിന്റെ ഭാഗമായുള്ള പുനഃക്രമീകരണം മാത്രമാണെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. വികസനപ്രക്രിയയിൽ കച്ചവടക്കാരെക്കൂടി പങ്കാളികളാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ജിദ്ഹാഫ്സ് മാർക്കറ്റിലെ നിലവിലെ പരിമിതികളെക്കുറിച്ച് പാർലമെന്റ് സർവിസ് കമ്മിറ്റി ചെയർമാൻ മംദൂഹ് അൽ സാലിഹ് എം.പി ചൂണ്ടിക്കാട്ടിയിരുന്നു. പാർക്കിങ് സൗകര്യം, ശൗചാലയങ്ങൾ, എയർ കണ്ടീഷനിങ്, വെന്റിലേഷൻ എന്നിവയുടെ കുറവ് അദ്ദേഹം ഉന്നയിച്ചു. കച്ചവടക്കാർക്ക് മതിയായ ബദൽ സംവിധാനങ്ങൾ ഒരുക്കാതെ സ്റ്റാളുകൾ നീക്കംചെയ്യുന്നത് യുക്തിസഹമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ ഭൂമികൾ താൽക്കാലിക മാർക്കറ്റുകളായി ഉപയോഗിക്കാമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
മനാമ സെൻട്രൽ മാർക്കറ്റിലെ നിയമവിരുദ്ധ തൊഴിലാളികളുടെ സാന്നിധ്യത്തെക്കുറിച്ചും കൃത്യമായ മേൽനോട്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടായി. ജിദ്ഹാഫ്സ് മാർക്കറ്റിനെ മികച്ച ഷോപ്പിങ് കേന്ദ്രമാക്കി മാറ്റാനുള്ള ഉറച്ച തീരുമാനത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.