മുഹമ്മദ് സീദി
മനാമ: 1984ലാണ് കുടക് കുശാൽനഗർ സ്വദേശി മുഹമ്മദ് സീദി ബഹ്റൈനിലെത്തുന്നത്. 22 വയസ്സായിരുന്നു പ്രായം. തുടർന്നുള്ള 40 വർഷത്തിലേറെ നീണ്ടുനിന്ന പ്രവാസ ജീവിതയാത്രക്ക് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിൽ അൽമെഅദ്ദയിദ് സ്റ്റേഷനറിയിൽ സെയിൽസ്മാനായിക്കൊണ്ടായിരുന്നു കരിയർ ആരംഭിച്ചത്.
പിന്നീട് 1989 അവാൽ സ്റ്റേഷനറിയിൽ ഇൻഡോർ സെയിൽസ്മാൻ, സെയിൽസ് ഇൻചാർജ്, ഔട്ട് ഡോർ സെയിൽസ് എക്സിക്യുട്ടീവ് എന്നീ തസ്തികകളിൽ ജോലിചെയ്തു. 2007 മുതൽ ജനറൽ മാനേജറായി അതേ സ്ഥാപനത്തിൽ സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്ന് 2026 ജനുവരിയിൽ അതേ തസ്തികയിൽ റിട്ടയർ ചെയ്തു.
ജോലിക്കൊപ്പം സാമൂഹിക സേവനത്തിലും രംഗങ്ങളിലും മുഹമ്മദ് സീദി സജീവ സാന്നിധ്യമായിരുന്നു. 1985ൽ മംഗലൂർ അസോസിയേഷന്റെ സെക്രട്ടറിയായി സാമൂഹിക പ്രവർത്തന രംഗത്ത് പ്രവേശിച്ച അദ്ദേഹം, 1987 മുതൽ കൊടക് സുന്നി ജമാഅത്തിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചു. വർഷങ്ങളോളം ജനറൽ സെക്രട്ടറിയായും പിന്നീട് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. സുള്ളിയ വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം, ഇപ്പോഴും ചീഫ് അഡ്വൈസറായി സംഘടനയുമായി ചേർന്ന് പ്രവർത്തിച്ചുവരുന്നു.
മത-സാമൂഹിക സംഘടനകളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ശ്രദ്ധേയമാണ്. ബഹ്റൈൻ കേരള സുന്നി ജമാഅത്തുമായി വർഷങ്ങളോളം സജീവമായി പ്രവർത്തിച്ചശേഷം ഐ.സി.എഫിന്റെ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്. ദക്ഷിണ കർണാടക സുന്നി സെന്റർ പ്രസിഡന്റായും ചീഫ് അഡ്വൈസറായും ദീർഘകാലം സേവനംചെയ്ത അദ്ദേഹം, ദാർ അൽഹുദ തമ്പിന മക്കിക്ക് ഒരു വർഷത്തിലധികം ചീഫ് അഡ്വൈസറായും പ്രവർത്തിച്ചു. നിലവിൽ കഴിഞ്ഞ മൂന്നുവർഷമായി ദക്ഷിണ കർണാടക സുന്നി സെന്ററിന്റെ ഗ്ലോബൽ വർക്കിങ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചുവരുകയാണ്. നാട്ടിൽ അൽ ഇഹസാൻ ഗ്രൂപ്പ് ഓഫ് എജുക്കേഷന്റെ സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാണ് താൽപര്യമെന്ന് മുഹമ്മദ് സീതി പറഞ്ഞു.
30 വർഷത്തോളമായി കുടുംബം ബഹ്റൈനിലുണ്ട്. മൂത്ത മകൻ മുഫസ്സൽ ദുബൈയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. ഇളയ മകൻ മുർഷിദ് സീദി ബഹ്റൈനിൽ അക്കൗണ്ടന്റായി സേവനം അനുഷ്ഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.