കണ്ടെത്തിയ കഠാര
മനാമ: ബഹ്റൈനിലെ മഖബയിലുള്ള പുരാതന ശവകുടീരത്തിൽനിന്ന് 2,000 വർഷത്തിലേറെ പഴക്കമുള്ള അപൂർവ ഇരുമ്പ് കഠാര കണ്ടെത്തി. ജപ്പാനിൽനിന്നുള്ള പുരാവസ്തു ഗവേഷക സംഘമാണ് കഠാര കണ്ടെത്തിയത്.
പരിശോധന നടക്കുന്ന പ്രദേശം
സമാധാനപ്രിയരെന്ന് കരുതപ്പെട്ടിരുന്ന ടൈലോസ് കാലഘട്ടത്തിലെ ജനങ്ങൾക്കിടയിൽനിന്ന് ആദ്യമായാണ് ഒരായുധം ഇത്തരത്തിൽ കണ്ടെത്തുന്നത്. സാധാരണയായി ഇത്തരം ശവകുടീരങ്ങളിൽ ആയുധങ്ങൾ കാണാറില്ലെന്ന് നാര ആർക്കിയോളജിക്കൽ മിഷൻ തലവൻ ഡോ. കിയോഹൈഡ് സൈറ്റോ പറഞ്ഞു. അഞ്ച് കഷണങ്ങളായി തകർന്ന നിലയിലായിരുന്നു ഈ കഠാര. കഠാരയുടെ പിടിയിൽ രണ്ട് കൊമ്പുകൾ പോലെയുള്ള സവിശേഷമായ അലങ്കാരപ്പണികളുണ്ട്. ഇതിന്റെ അർഥം കണ്ടെത്താൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ വ്യക്തമാക്കി. മറ്റൊരു കല്ലറയിൽനിന്ന് മധ്യവയസ്കനായ ഒരാളുടെ അസ്ഥികൂടത്തോടൊപ്പം ഇരുമ്പ് അരിവാളും വിരലിൽ അണിഞ്ഞ നിലയിൽ മോതിരവും കണ്ടെത്തിയിട്ടുണ്ട്. തൊഴിലുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ശവകുടീരത്തിൽ കാണുന്നത് വലിയൊരു കണ്ടെത്തലായാണ് ഗവേഷകർ വിലയിരുത്തുന്നത്. കഠാര കണ്ടെത്തിയ കല്ലറയിലെ വിശദമായ പരിശോധനയിൽ അത് ബി.സി അഞ്ചാം നൂറ്റാണ്ടിലേതാണെന്ന് വ്യക്തമായി. ഇത് പുരാതന ദിൽമുൻ കാലഘട്ടത്തിനും ടൈലോസ് കാലഘട്ടത്തിനും ഇടയിലുള്ള അധികം അറിയപ്പെടാത്ത കാലഘട്ടത്തെ സൂചിപ്പിക്കുന്നു. മഖബയിൽ ജാപ്പനീസ് സംഘം നടത്തുന്ന ഏഴാംവർഷത്തെ ഖനനമാണിത്. ഏകദേശം നൂറോളം ചെറിയ കുന്നുകൾ ഉൾപ്പെടുന്ന ഈ സൈറ്റിൽനിന്ന് ഇതുവരെ 52 ശവകുടീരങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. പുരാതന കാലത്തുതന്നെ കൊള്ളക്കാർ പല കല്ലറകളും തുറന്ന്പരിശോധിച്ചിരുന്നതിനാൽ പലതും തകർക്കപ്പെട്ട നിലയിലാണ്. എങ്കിലും പുതിയ കണ്ടെത്തലുകൾ ബഹ്റൈന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്.
ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസുമായി സഹകരിച്ചാണ് ജാപ്പനീസ് സംഘം ഈ ഗവേഷണങ്ങൾ നടത്തുന്നത്. അടുത്ത വർഷവും ഖനനം തുടരാനാണ് സംഘത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.