കിരീടാവകാശിയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസിയും കൂടിക്കാഴ്ചക്കിടെ

കിരീടാവകാശി ഈജിപ്തിൽ

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. കെയ്‌റോയിലെത്തിയ കിരീടാവകാശിയെ ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ശേഷം ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസിയുമായും മറ്റ് പ്രമുഖ നേതാക്കളുമായും പ്രിൻസ് സൽമാൻ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിലും തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുന്നതിലുമാ‍യിരുന്നു കൂടിക്കാഴ്ചകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

ബഹ്‌റൈനും ഈജിപ്തും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിൽ കിരീടാവകാശി അഭിമാനം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും പ്രസിഡന്റ് എൽ സിസിയും ഈ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എൽ സിസിയുടെ നേതൃത്വത്തിൽ ഈജിപ്ത് കൈവരിച്ച വികസന നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

അറബ് ഐക്യം, പൊതു താൽപര്യങ്ങൾ, മേഖലയുടെ സ്ഥിരത എന്നിവയെ പിന്തുണയ്ക്കുന്നതിൽ ഈജിപ്ത് വഹിക്കുന്ന പങ്ക് നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ഇരു രാജ്യങ്ങളുടെയും പൊതുവായ കാഴ്ചപ്പാടാണ് ഈ സന്ദർശനത്തിലൂടെ ഊന്നിപ്പറയുന്നത്.

ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആവർത്തിച്ചു. സൈനിക നടപടികൾ കുറയ്ക്കേണ്ടതിന്റെയും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെയും ബന്ദികളെയും തടവുകാരെയും വിട്ടയക്കേണ്ടതിന്റെയും പ്രാധാന്യവും പ്രിൻസ് സൽമാൻ ഊന്നിപ്പറഞ്ഞു. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും ഈജിപ്ത് വഹിക്കുന്ന പ്രധാന പങ്ക് നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാശിദ്​ അൽ സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് സി.ഇ.ഒയുമായ നൂർ അൽ ഖുലൈഫ്, വാണിജ്യ, വ്യവസായ മന്ത്രി അബ്​ദുല്ല ആദിൽ ഫഖ്​റു, ഈജിപ്തിലെ ബഹ്‌റൈൻ അംബാസഡർ ഫൗസിയ സൈനൽ എന്നിവരും കിരീടാവകാശിയെ അനുഗമിച്ചു.

Tags:    
News Summary - Prince in Egypt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.