മനാമ: നിർമാണ മേഖലയിലെ പ്രമുഖ കമ്പനിയിൽ മാസങ്ങളായി ശമ്പളം മുടങ്ങിയ പ്രശ്നം തീർക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഉത്തരവിട്ടു. തൊഴിലാളികളുടെ മുടങ്ങിയ ശമ്പള കുടിശ്ശിക ഉടൻ ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കണം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താൽപര്യങ്ങൾ ഒരുപോലെ പരിഗണിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തെ നിയമം അനുസരിച്ച് തൊഴിലാളികൾക്ക് ശമ്പളം നൽകാൻ തൊഴിലുടമകൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമമാണ് രാജ്യത്തുള്ളത്. ഇക്കാര്യം കമ്പനികൾ പാലിക്കുന്നുണ്ടെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പ്രിയ രാജ്യമെന്ന പദവിയുള്ള ഇടമാണ് ബഹ്റൈനെന്നും അദ്ദേഹം വ്യക്തമാക്കി. \
പ്രധാനമന്ത്രിയുടെ ഇടപെടൽ മാസങ്ങളായി ശമ്പളം മുടങ്ങിയ ജി.പി.സെഡ് കമ്പനിയിലെ തൊഴിലാളികൾക്ക് ഗുണകരമാകും. ജി.പി.സെഡിലെ തൊഴിലാളികൾ ശമ്പള കുടിശ്ശികയുടെ പേരിൽ പ്രതിഷേധവുമായി ബുധനാഴ്ച വീണ്ടും തെരുവിലിറങ്ങിയിരുന്നു. ഏതാണ്ട് 80ഒാളം പേരാണ് അൽ ഇസ്തിഖ്ലാൽ ഹൈവെയിൽ സംഘടിച്ചിറങ്ങിയത്. കഴിഞ്ഞ അഞ്ചുമാസമായി തങ്ങൾക്ക് ശമ്പളം ലഭിച്ചില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു.ശമ്പളം ഉടൻ ലഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ‘മെർക്കുറി മിഡിൽ ഇൗസ്റ്റ്’ കമ്പനിയിലെ 15 തൊഴിലാളികളും ഇൗസ ടൗണിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഒാഫിസിന് പുറത്ത് പ്രതിഷേധവുമായി സംഘടിച്ചിരുന്നു.
തങ്ങൾക്ക് ആറുമാസമായി ശമ്പളം കിട്ടിയിട്ടില്ലെന്നാണ് ഇൗ തൊഴിലാളികൾ പറയുന്നത്. ഇവിടെ 300ഒാളം തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പും ഇവർ ശമ്പള പ്രശ്നത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടായതോടെ, പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കപ്പെടാനുള്ള സാധ്യതയാണ് തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.