മനാമ: പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട കേസുകളിലെ കസ്റ്റഡി ശിക്ഷകൾ നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള പത്രനിയമത്തിൽ നിർദിഷ്ട ചില ഭേദഗതിക്ക് പാർലമെന്റ് അംഗീകാരം. 2002ലെ പ്രസ്, പബ്ലിഷിങ്, പ്രിന്റിങ് നിയമത്തിലെ പ്രധാന ഭേദഗതികളാണ് എം.പിമാർ അംഗീകരിച്ചത്. അഞ്ച് മണിക്കൂർ നീണ്ട ചർച്ചക്കുശേഷം 17 എം.പിമാർ നിയമത്തെ അനുകൂലിച്ചും ഒമ്പത് പേർ എതിർത്തും വോട്ട് ചെയ്തു.
കൂടാതെ ബഹ്റൈനിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെ ഔപചാരിക നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരാനുള്ള നിർദേശവും ഇതോടൊപ്പം പാസാക്കി. വ്യക്തികൾ ഉപയോഗിക്കുന്ന പ്ലാറ്റുഫോമുകളല്ലാത്ത ഔദ്യോഗിക ഡിജിറ്റൽ പ്രസാധകർ, ഓൺലൈൻ വാർത്താ സൈറ്റുകൾ, വാർത്താ ഉള്ളടക്കമുള്ള ചാനലുകൾ എന്നിവർക്ക് ലൈസൻസ് നിർബന്ധമാണെന്ന നിർദേശമാണ് പാർലമെന്റ് അംഗീകരിച്ചത്. നിലവിൽ പ്രവർത്തിക്കുന്ന ലൈസൻസില്ലാത്തവർ ആറ് മാസത്തിനുള്ളിൽ ലൈസൻസെടുക്കണമെന്നാണ് നിയമം നിഷ്കർഷിക്കുന്നത്.
അല്ലാത്തപക്ഷം 10000 ദീനാർവരെ പിഴ ചുമത്തിയേക്കാം. ദേശീയ സുരക്ഷക്കോ പൊതുസമാധാനത്തിനോ ഭീഷണിയാകുന്ന ഉള്ളടക്കങ്ങൾ വാർത്തകളിൽ കണ്ടെത്തിയാൽ അന്വേഷണ ഘട്ടത്തിൽ കോടതിക്ക് പത്രങ്ങളോ ഇത്തരം സ്ഥാപനങ്ങളോ താൽക്കാലികമായി നിർത്തിവെക്കാനോ വെബ്സൈറ്റുകൾ തടയാനോ സാധിക്കും. കൃത്യസമയത്ത് ലഭിക്കുന്നപക്ഷം പരമാധികാരം, പ്രതിരോധം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ അച്ചടിച്ചോ ഓൺലൈനായോ പ്രസിദ്ധീകരിക്കണം. എന്നാൽ, മാധ്യമങ്ങൾക്ക് പൂർണ രാഷ്ട്രീയ അവകാശങ്ങൾ വേണമെന്ന ഒരു വ്യവസ്ഥ നിർദേശത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തെ മതവിശ്വസങ്ങൾക്കെതിരെയോ രാജകീയ സംവിധാനങ്ങളെയോ ലക്ഷ്യം വെച്ചുള്ള ഉള്ളടക്കം ഒഴികെ മറ്റുള്ള നിയമങ്ങളിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ഇൻഫർമേഷൻ മന്ത്രാലയവും സർവിസസ് കമ്മിറ്റിയും തമ്മിൽ നേരത്തേ ഒരു കരാറിലെത്തിയിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ പത്രപ്രവർത്തന ചരിത്രത്തിലെ ഒരു നാഴികക്കല്ലാണിതെന്നും ദീർഘകാലമായി കാത്തിരുന്ന നിയമനിർമാണ മാറ്റമാണിതെന്നും ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷൻ ചെയർമാൻ ഇസ അൽ ഷൈജി പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നയിക്കുന്ന സമഗ്ര വികസനത്തിന്റ ഭാഗമായി അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തിന് ബഹ്റൈൻ നൽകുന്ന അചഞ്ചലമായ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.