എക്സ്പോ 2025 ഒസാക്കയിൽ അന്താരാഷ്ട്ര പുരസ്കാരം നേടിയ ബഹ്റൈൻ
പവിലിയൻ അധികൃതർ ആദരവ് ഏറ്റുവാങ്ങുന്നു
മനാമ: ജപ്പാനിൽ നടന്ന എക്സ്പോ 2025 ഒസാക്കയിലെ ബഹ്റൈൻ പവിലിയന് അന്താരാഷ്ട്ര തലത്തിൽ ഉന്നത പുരസ്കാരം. 'കണക്റ്റിങ് സീസ്' എന്ന് പേരിട്ടിരിക്കുന്ന പവിലിയൻ 1500 ചതുരശ്ര മീറ്ററിൽ താഴെയുള്ള സ്വയംനിർമിത പവിലിയനുകളുടെ വിഭാഗത്തിൽ മികച്ച വാസ്തുവിദ്യക്കും ലാൻഡ്സ്കേപ്പിനുമുള്ള ഗോൾഡ് അവാർഡ് നേടി. പവലിയൻ രൂപകൽപന, സർഗാത്മകത, സുസ്ഥിരത എന്നിവയിലെ മികവാണ് ഈ പുരസ്കാരത്തിന് ബഹ്റൈനെ അർഹമാക്കിയതെന്ന് ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസ് അറിയിച്ചു. ജാപ്പനീസ് നഗരത്തിൽ നടന്ന ഔദ്യോഗിക പുരസ്കാരദാനചടങ്ങിൽ പങ്കെടുത്ത രാജ്യങ്ങളിലെ കമീഷണർ ജനറൽമാരുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്.
പൈതൃകവും നൂതനത്വവും സമന്വയിപ്പിച്ച് രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിൽ ടീം ബഹ്റൈൻ കാണിച്ച അർപ്പണബോധത്തിനുള്ള സാക്ഷ്യപത്രമാണ് ഈ പുരസ്കാരമെന്ന് ബഹ്റൈൻ പവിലിയന്റെ കമീഷണർ ജനറലും ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡൻറുമായ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ പറഞ്ഞു.
ലെബനീസ് ആർക്കിടെക്റ്റ് ലീന ഘോട്മെഹ് ആണ് പവിലിയൻ രൂപകൽപന ചെയ്തത്. പ്രധാനമായും തടികൊണ്ടാണ് നിർമാണം. കടൽക്കാറ്റിലൂടെ പ്രകൃത്യാ തണുപ്പ് നിലനിർത്തുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഇത്, എക്സ്പോയിലെ ഏറ്റവും സുസ്ഥിരമായ നിർമിതികളിൽ ഒന്നാണ്.
'എംപവറിങ് ലൈവ്സ്' സോണിൽ സ്ഥിതി ചെയ്യുന്ന പവിലിയന് 995 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. നാല് നിലകളിലായി 13.7 മീറ്റർ ഉയരമുള്ള ഇത് കടലിന് അഭിമുഖമായാണ് നിലകൊള്ളുന്നത്.
വ്യാപാരം, കരകൗശലം, മുത്തുച്ചിപ്പി ശേഖരണം, പരിസ്ഥിതി എന്നിവയിലൂടെയുള്ള ബഹ്റൈന്റെ ബന്ധങ്ങൾ സന്ദർശകർക്ക് അനുഭവവേദ്യമാക്കാൻ പാകത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
എക്സ്പോ 2025ൽ ബഹ്റൈന്റെ തന്ത്രപരമായ സ്ഥാനം ഒരു ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള പങ്ക് എന്നിവയും ഇക്കണോമിക് ഡെവലപ്മെൻറ് ബോർഡ് ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.