മനാമ: കഴിഞ്ഞ വർഷം ബഹ്റൈനിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെയും അതിക്രമങ്ങളെയും കുറിച്ച് 49 പരാതികൾ ലഭിച്ചതായി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് (എസ്.ഐ.യു) അറിയിച്ചു. പീഡനം, അമിത ബലപ്രയോഗം, മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങളാണ് യൂനിറ്റ് പ്രധാനമായും അന്വേഷിച്ചത്.
നേരിട്ടുള്ള പരാതികൾക്ക് പുറമെ വെബ്സൈറ്റ്, ഇ-മെയിൽ എന്നിവ വഴിയും സർക്കാർ സ്ഥാപനങ്ങൾ വഴിയുമാണ് ഈ പരാതികൾ ലഭിച്ചത്. ഇതിൽ ഭൂരിഭാഗം കേസുകളും പബ്ലിക് പ്രോസിക്യൂഷൻ കൈമാറിയവയാണ്. 2025ൽ ലഭിച്ച 49 പരാതികളിൽ 10 പേർ മാത്രമാണ് വിദേശികൾ. 2024ൽ 39 പരാതികളായിരുന്നു ലഭിച്ചിരുന്നത്. 2017ൽ 136 പരാതികൾ ഉണ്ടായിരുന്നിടത്തുനിന്ന് വർഷങ്ങൾക്കിപ്പുറം പരാതികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം 52 പരാതിക്കാരുടെയും 44 സാക്ഷികളുടെയും മൊഴിയെടുത്തു. 45 പ്രതികളെയും 59 സംശയിക്കപ്പെടുന്നവരെയും ചോദ്യംചെയ്തു.
അന്വേഷണത്തിന് ശേഷം എട്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു ഓഫിസറും ഉൾപ്പെട്ട മൂന്ന് കേസുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പൊലീസ് കോടതികളിലേക്ക് മാറ്റി. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട രണ്ട് കേസുകൾ ക്രിമിനൽ കോടതികളിലേക്ക് കൈമാറി. മറ്റ് ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചു. പ്രമോഷൻ തടയുക, ശമ്പളം വെട്ടിക്കുറക്കുക, താക്കീത് നൽകുക എന്നിവയായിരുന്നു ശിക്ഷകൾ. ബഹ്റൈൻ ഇൻഡിപെൻഡന്റ് കമീഷൻ ഓഫ് ഇൻക്വയറിയുടെ ശിപാർശ പ്രകാരം 2012ലാണ് എസ്.ഐ.യു രൂപവത്കരിച്ചത്.
സുരക്ഷ സേനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുകയാണ് ഈ വിഭാഗത്തിന്റെ ദൗത്യം. നിങ്ങൾക്കോ നിങ്ങളുടെ ബന്ധുക്കൾക്കോ പോലീസിന്റെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായാൽ താഴെ പറയുന്ന മാർഗങ്ങളിലൂടെ പരാതിപ്പെടാം: ഫോൺ: 17570097, 17570065 ഇമെയിൽ: contact@siu.gov.bh.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.