മനാമ: ബഹ്റൈനിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ നിയമലംഘനങ്ങൾ തടയുന്നതിനായി കൂടുതൽ വ്യക്തവും ഘട്ടംഘട്ടവുമായ ശിക്ഷാനടപടികൾ ശിപാർശ ചെയ്യുന്ന പുതിയ നിയമ ഭേദഗതി ശൂറാ കൗൺസിൽ അംഗങ്ങൾ അവതരിപ്പിച്ചു. ഡോ. ഇബ്തിസാം അൽ ദലാൽ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ ചേർന്നാണ് ഭേദഗതി നിർദേശിച്ചത്. സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ചികിത്സ കേന്ദ്രങ്ങൾ എന്നിവക്കെതിരെയുള്ള ഭരണപരമായ ശിക്ഷ നടപടികൾ പുനഃസംഘടിപ്പിക്കാനാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്. നിലവിലുള്ള പിഴ തുകകളിൽ മാറ്റം വരുത്താതെ തന്നെ, ശിക്ഷകൾ നടപ്പിലാക്കുന്ന രീതി കൂടുതൽ സുതാര്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.
നിയമലംഘനം തെളിയിക്കപ്പെട്ടാൽ ആദ്യഘട്ടത്തിൽ രേഖാമൂലമുള്ള താക്കീത് നൽകുക. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ ചില സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുക. നിയമലംഘനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പുറത്താക്കാൻ നിർദ്ദേശം നൽകുക. ദിവസേനയുള്ള പിഴകൾക്ക് പുറമെ പരമാവധി 20,000 ദിനാർ വരെ പിഴ ചുമത്തുക. ഗുരുതരമായ കേസുകളിൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ പൂർണമായി പിൻവലിക്കുകയോ ചെയ്യുക തുടങ്ങിയ നടപടികൾ അക്കൗണ്ടബിലിറ്റി കമ്മിറ്റി സ്വീകരിക്കണം. ശിക്ഷകൾ കേവലം ശിക്ഷിക്കുന്നതിന് വേണ്ടി മാത്രമല്ല, മറിച്ച് സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ താൽപര്യം സംരക്ഷിക്കുന്നതിനും വേണ്ടിയാണെന്ന് ഡോ. ഇബ്തിസാം അൽ ദലാൽ വ്യക്തമാക്കി. കുറ്റത്തിന്റെ ഗൗരവം, അത് ആവർത്തിച്ചുള്ളതാണോ, അതുവഴി ഉണ്ടായ ദോഷങ്ങൾ എന്നിവ പരിഗണിച്ചായിരിക്കും നടപടികൾ തീരുമാനിക്കുക. നിയമലംഘനം ആവർത്തിക്കുന്നവർക്ക് പ്രതിദിനം 1,000 മുതൽ 2,000 ദിനാർ വരെയുള്ള പിഴയും പരമാവധി 20,000 ദിനാർ എന്ന പരിധിയും തുടരും. ലംഘനം സ്ഥിരീകരിക്കപ്പെട്ടാൽ അത് പൊതുജനങ്ങളെ അറിയിക്കുന്നതിനായി പ്രസിദ്ധീകരിക്കും.
ക്രിമിനൽ കുറ്റങ്ങൾ കണ്ടെത്തിയാൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഈ ഭേദഗതി സ്വകാര്യ ആരോഗ്യ മേഖലയിലെ നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും നിയമം എല്ലാവർക്കും ഒരുപോലെയും നീതിയുക്തമായും നടപ്പിലാക്കപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു. നിയമോപദേശക സമിതി അംഗീകരിച്ച ഈ കരട് നിയമം ഇനി കൗൺസിലിന്റെ സർവിസ് കമ്മിറ്റി വിശദമായി പഠിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.