മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രാവുകളെ വളർത്തുന്നതും അവയ്ക്ക് തീറ്റ നൽകുന്നതും വിമാനങ്ങളുടെ സുരക്ഷക്ക് വൻ ഭീഷണിയാണെന്ന് മുന്നറിയിപ്പ്. ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ ആണ് 'അൽ അമൻ' സോഷ്യൽ മീഡിയ പ്രോഗ്രാമിലൂടെ പൗരന്മാർക്കും താമസക്കാർക്കും ജാഗ്രതാനിർദേശം നൽകിയത്.
വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഏകദേശം ആയിരത്തോളം പ്രാവുകളുണ്ടെന്നും ഇവയുടെ ക്രമരഹിതമായ പറക്കൽ വിമാനങ്ങൾ പറന്നുയരുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും 'ബേർഡ് സ്ട്രൈക്കിന്' കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 150 അടിയിൽ താഴെ ഉയരത്തിൽ പ്രാവുകൾ കൂട്ടമായി പറക്കുന്നത് അതുവഴി കടന്നു പോകാൻ സാധ്യതയുള്ള വിമാനത്തിലിടിച്ച് എൻജിനുകളെ തകരാറിലാക്കാൻ സാധ്യതയുണ്ട്. ലോകമെമ്പാടും ബേർഡ് സ്ട്രൈക്കുകൾ മൂലം പ്രതിവർഷം ഏകദേശം 1.5 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്. കൂടാതെ പ്രാവുകളുടെ തൂവലുകൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അലർജിക്കും കാരണമാകും. ഇവയുടെ കാഷ്ഠം എ.സി യൂനിറ്റുകളിൽ അടിഞ്ഞുകൂടുന്നത് വഴി ഇ-കോളി ഉൾപ്പെടെയുള്ള 50ഓളം രോഗങ്ങൾ പടരാനും സാധ്യതയുണ്ട്. പൊതുസ്ഥലങ്ങളിലോ മറ്റോ പ്രാവുകൾക്ക് തീറ്റ നൽകുന്നവർക്ക് മുനിസിപ്പാലിറ്റി വൻതുക പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
മനുഷ്യജീവനേക്കാൾ വലുതല്ല പ്രാവുകളെ വളർത്തുന്ന വിനോദമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിമാനത്താവള പരിസരത്തുള്ള പക്ഷി ശല്യം കുറക്കുന്നതിനായി ബഹ്റൈൻ എയർപോർട്ട് കമ്പനി വിദഗ്ധ പഠനത്തിന് നേരത്തെ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.