വർഷങ്ങളും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും മണിക്കൂറുകളും മിനിറ്റുകളുമായി ആയുസ്സിന്റെ അവധി കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഓർമകളെ നോക്കി ഈ തിരക്കിന്റെ ലോകത്ത് ഒന്ന് നെടുവീർപ്പിടുമ്പോൾ വർത്തമാനത്തിൽ ചില നിനവുകൾ ഓർമയുടെ അറകളിൽ എവിടെയോ പറ്റിപിടിച്ചു നിൽക്കുന്നുണ്ട്.
കുട്ടിക്കാലത്തെ പാതിവഴിയിൽ പൊലിഞ്ഞുപോയ പകുതി നോമ്പിൽനിന്നും തുടങ്ങുന്ന വൃതകാലവുമായി ബന്ധപ്പെട്ട നിനവുകൾ. ഉമ്മയും ഉപ്പയും സഹോദരന്മാരുമൊത്തുള്ള കുട്ടിക്കാലത്തെ നോമ്പ് ഇന്നും ജീവിതത്തിൽ മധുരമുള്ള മറക്കാനാവാത്ത അനുഭവങ്ങളായി തുടിച്ചുനിൽക്കുന്നു.കുടുംബ വീടുകളിൽ പോയി നോമ്പ് തുറക്കുകയും തിരിച്ചുവരുമ്പോൾ കൈയിൽ ചുരുട്ടി തരുന്ന അൻപതിന്റെയും നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾക്ക് ഇന്നത്തെ പതിനായിരത്തേക്കാൾ വിലയുണ്ടായിരുന്നു. നോമ്പ് അവസാനമാകുമ്പോഴേക്ക് സഹോദരനും ഞാനും കിട്ടിയ സകാത് എണ്ണി കൂടുതൽ കിട്ടിയത് ആർക്കാണെന്ന് നോക്കി അഹങ്കരിച്ചിരുന്ന കുട്ടിക്കാലം!!!!
പിന്നീട് പഠിക്കുന്ന കാലത്ത് ഇന്നത്തെ കുട്ടികളെപ്പോലെ യൂട്യൂബ് നോക്കാതെ ചെയ്ത പാചക പരീക്ഷണങ്ങൾ. ചെയ്ത പാചകത്തെ വാനോളം പുകഴ്ത്തിയ പിതാവിന്റെ ഓർമകൾ ഒരു നോവായി മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. കാലങ്ങൾക്കിപ്പുറം പ്രവാസത്തിലേക്ക് കടന്നുവന്നപ്പോൾ നോമ്പുകാലം സമ്മാനിച്ചത് നിറമുള്ള നിനവുകളുടെ മറ്റൊരു ലോകമാണ്. നാലു ചുമരുകൾക്കുള്ളിൽ ജീവിതം ഇങ്ങനെ കഴിഞ്ഞുപോകുമ്പോഴാണ് കെ.എം.സി.സിയുടെ കൂടെ സഞ്ചരിക്കാൻ സാഹചര്യമുണ്ടായത്. മനുഷ്യത്വത്തിന്റെയും, മാനവികതയുടെയും, സഹജീവി സ്നേഹത്തിന്റെയും നൂലിഴകളിൽ മനുഷ്യരെ കോർത്തു കെട്ടുന്ന ആ പ്രസ്ഥാനത്തിന്റെ ഭാഗമാവാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. സംഘടന പ്രവർത്തനത്തിന്റെ ഭാഗമായി കൂട്ടിന് കിട്ടിയ ഒരുപാട് സഹപ്രവർത്തകർ, അവരുടെ ചേർത്തുപിടിക്കലുകൾ നൽകുന്ന സന്തോഷം വളരെ വലുതാണ്. അതോടൊപ്പം ഫ്ലാറ്റുകളിലും കെ.എം.സി.സി ഓഫിസുകളിലും കേന്ദ്രീകരിച്ചു നടക്കുന്ന നോമ്പുതുറകൾ ഒരുമയുടെ പെരുമക്ക് വല്ലാതെ മാറ്റുകൂട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.