മനാമ: ബഹ്റൈന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായ മുഹറഖ് സൂഖിനെ നവീകരിക്കാനുള്ള നിർണായക ശിപാർശകൾ വരും തിങ്കളാഴ്ച മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചർച്ച ചെയ്യും.
കേവലം ഒരു വ്യാപാര കേന്ദ്രം എന്നതിലുപരി, തലമുറകളുടെ ഓർമകൾ ഉറങ്ങുന്ന സാംസ്കാരിക ഇടം എന്ന നിലയിലാണ് സൂഖിന്റെ വികസനത്തിന് കൗൺസിൽ മുൻഗണന നൽകുന്നത്. സൂഖിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യാപാരികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ റിപ്പോർട്ടാണ് കൗൺസിൽ അംഗങ്ങൾ വിലയിരുത്തുക. ഇടുങ്ങിയ പാതകളുടെ നവീകരണം, മികച്ച ഡ്രൈനേജ് സംവിധാനം, തെരുവ് വിളക്കുകൾ എന്നിവ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ഒരു ഭാഗം. പാരമ്പര്യമായി ബിസിനസ് നടത്തുന്ന സ്വദേശി വ്യാപാരികളെ സംരക്ഷിക്കുന്നതിനും അവർക്ക് ആവശ്യമായ റഗുലേറ്ററി സഹായങ്ങൾ നൽകുന്നതിനും മുൻഗണന നൽകും.
സന്ദർശകർക്കും വ്യാപാരികൾക്കും നേരിടുന്ന പ്രധാന വെല്ലുവിളിയായ പാർക്കിങ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്നതും പ്രധാന അജണ്ടയാണ്. ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോഴും സൂഖിന്റെ തനതായ വാസ്തുവിദ്യയും പൈതൃകവും ഒട്ടും ചോർന്നുപോകാതെ സംരക്ഷിക്കും. നേരത്തെ കൗൺസിൽ യോഗത്തിൽ സൂഖിലെ ചില നവീകരണ പ്രവർത്തനങ്ങൾ വെറും 'കോസ്മെറ്റിക്' മാറ്റങ്ങൾ മാത്രമാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് ശാശ്വത പരിഹാരമാണ് പുതിയ ശിപാർശയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ ഈ ശിപാർശകൾ അംഗീകരിക്കപ്പെട്ടാൽ, മുഹറഖ് സൂഖിന്റെ മുഖം മിനുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.