ഇവിടെ തൊഴിൽ സംബന്ധമായി എത്തുന്ന എല്ലാ വിദേശ തൊഴിലാളികൾക്കും നിർബന്ധമായി ലഭിക്കുന്ന സംരക്ഷണമാണ് സോഷ്യൽ ഇൻഷുറൻസ്. രണ്ട് വകുപ്പുകൾ പ്രകാരമുള്ള ഇൻഷുറൻസ് സംരക്ഷണമാണ് വിദേശ തൊഴിലാളികൾക്ക് ലഭിക്കുന്നത്. അത് തൊഴിൽ സമയത്ത് തൊഴിലിടത്ത് വെച്ചുണ്ടാകുന്ന അപകടങ്ങളിൽനിന്നും വരുന്ന പരിക്കുകൾ, സ്ഥിരമായ അംഗവൈകല്യം, മരണം എന്നിവയാണ് ഈ ഇൻഷുറൻസിന്റെ സംരക്ഷണത്തിൽവരുന്നത്. താമസസ്ഥലത്ത് നിന്നും തൊഴിൽ സ്ഥലത്തേക്ക് പോകുന്ന വഴിയിലോ തൊഴിൽ സ്ഥലത്തുനിന്ന് താമസസ്ഥലത്തേക്ക് പോകുന്ന വഴിയിലോ വെച്ചുണ്ടാകുന്ന അപകടങ്ങളിൽനിന്നും ഉണ്ടാകുന്ന പരിക്കുകളും ഇതിന്റെ സംരക്ഷണത്തിൽ വരും. പരിക്ക് പറ്റിയാൽ അതിനുള്ള ചികിത്സയും ലഭിക്കും. തൊഴിലിന് പോകാൻ സാധിക്കാതെ വന്നാൽ ആ സമയത്ത് മുഴുവൻ ശമ്പളവും ലഭിക്കും. അംഗവൈകല്യമോ മരണമോ സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാരം കണക്കാക്കുന്നത് അവരവരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ്.
രണ്ടാമത് വിദേശിയുടെ തൊഴിലില്ലായ്മയുടേതാണ്. അതായത് ഏതെങ്കിലും കാരണംകൊണ്ട് തൊഴിൽ ഇല്ലാതെ വന്നാൽ ആ സമയത്ത് ഈ ഇൻഷുറൻസ് പ്രകാരം ശമ്പളം ലഭിക്കും. ഈ ആനുകൂല്യം ലഭിക്കാൻ പലനടപടികളും പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് നിയമപരമായി ലഭിക്കാൻ അർഹതയുണ്ടെങ്കിലും സാധാരണ രീതിയിൽ ഇത് വിദേശ തൊഴിലാളിക്ക് ലഭിക്കാറില്ല. എല്ലാ വിദേശ തൊഴിലാളികളെയും ഇവിടെ വരുമ്പോൾ മുതൽ തന്നെ സോഷ്യൽ ഇൻഷുറൻസിൽ ചേർക്കും. ഇത് എൽ.എം.ആർ.എയാണ് ചെയ്യുന്നത്. തൊഴിൽ കരാറിൽ പറയുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ മാസംതോറും ഓരോ തൊഴിലാളിയുടെയും വിഹിതം തൊഴിലുടമയാണ് അടക്കേണ്ടത്. നിലവിൽ നാല് ശതമാനം നൽകണം. ഇതിൽ 3 ശതമാനം തൊഴിലുടമയും 1 ശതമാനം തൊഴിലാളിയുമാണ് നൽകേണ്ടത്. ഇത് തൊഴിലുടമ ശമ്പളത്തിൽനിന്നും പിടിക്കും. 3 ശതമാനം തൊഴിലിനിടയിലുണ്ടാകുന്ന അപകടങ്ങൾക്കുള്ള വിഹിതവും ഒരു ശതമാനം തൊഴിലില്ലായ്മക്കുള്ള വിഹിതവുമാണ്.
തൊഴിലാളിക്ക് അപകടങ്ങളിൽ പരിക്കുപറ്റിയാൽ 24 മണിക്കൂറിനകം അപകടം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലും സോഷ്യൽ ഇൻഷുറൻസിലും തൊഴിലാളിയോ തൊഴിലുടമയോ വിവരം അറിയിക്കണം. വിവരം അറിയിക്കേണ്ടത് സോഷ്യൽ ഇൻഷുറൻസിന്റെ നിശ്ചിത ഫോറത്തിലാണ്. അപകടം നടന്നിട്ട് തൊഴിലാളിക്ക് സാരമായ പരിക്കൊന്നും സംഭവിച്ചില്ലെങ്കിലും അപകടം നടന്ന വിവരം തൊഴിലുടമയെ അറിയിക്കണം. ഇത് ഭാവിയിൽ മറ്റെന്തെങ്കിലും പ്രയാസം ഈ അപകടം മൂലം സംഭവിച്ചാൽ അപ്പോൾ ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായിക്കും.
തൊഴിലാളി സ്വയം പരിക്കുവരുത്തുകയോ സ്വന്തം അശ്രദ്ധകൊണ്ട് അപകടത്തിൽ പരിക്ക് സംഭവിക്കുകയോ പരിക്ക് ഉണ്ടായിട്ട് അത് ശ്രദ്ധിക്കാതിരിക്കുകയോ ചികിത്സ നിർദേശം പാലിക്കാതിരിക്കുകയോ പരിക്ക് കാരണം ശാരീരിക സ്ഥിതിക്ക് പറ്റാത്ത തൊഴിൽ ചെയ്യുകയോ ചെയ്താൽ സോഷ്യൽ ഇൻഷുറൻസിന്റെ ആനുകൂല്യം ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.