കഴിഞ്ഞ വർഷം നടന്ന ആഘോഷത്തിൽ നിന്ന് (ഫയൽ)
മനാമ: ബഹ്റൈനിലെ പാരമ്പര്യത്തിന്റെയും സന്തോഷത്തിന്റെയും മധുരത്തിന്റെയും ആഘോഷമായ 'ഗർഗാഊൻ' ഇത്തവണ വിപുലമായി സംഘടിപ്പിക്കാൻ യുവജനകാര്യ മന്ത്രാലയം ഒരുങ്ങുന്നു. അടുത്ത ആഴ്ച മുതൽ രാജ്യത്തെ നാല് ഗവർണറേറ്റുകളിലും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ നടക്കും.
മാർച്ച് മൂന്നിന് മുഹറഖിൽനിന്ന് ആരംഭിക്കുന്ന പ്രത്യേക 'വൺ ഡേ ബസ് ടൂർ' വഴിയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ഈ ബസ് തലസ്ഥാന ഗവർണറേറ്റ്, വടക്കൻ ഗവർണറേറ്റ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തെക്കൻ ഗവർണറേറ്റിൽ പര്യടനം അവസാനിപ്പിക്കും. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി ഒട്ടേറെ സർപ്രൈസുകളാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. പ്രിയപ്പെട്ട മസ്കറ്റുകളും കാർട്ടൂൺ കഥാപാത്രങ്ങളും കുട്ടികളെ ആഘോഷങ്ങളുടെ ഭാഗമായി സ്വീകരിക്കാനെത്തും. കുട്ടികൾക്കായി മുഖത്ത് ചായങ്ങൾ പൂശാനുള്ള അവസരമൊരുക്കും. ഗർഗാഊൻ മധുരപലഹാരങ്ങളും പ്രത്യേക സമ്മാനങ്ങളും കുട്ടികൾക്ക് വിതരണം ചെയ്യും.
റമദാൻ മാസത്തിന്റെ 14ാം രാവിൽ ഗൾഫ് രാജ്യങ്ങളിലുടനീളം ആഘോഷിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യമാണിത്. റമദാനിലെ വ്രതാനുഷ്ഠാനങ്ങളിൽ പങ്കുചേരുന്ന കുട്ടികൾക്കുള്ള ഒരു അംഗീകാരമായാണ് ഈ ആഘോഷം കണക്കാക്കപ്പെടുന്നത്. ഈ ദിവസം കുട്ടികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് വീടുകൾ കയറിയിറങ്ങി പാട്ടുകൾ പാടുകയും മധുരപലഹാരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു.
പെൺകുട്ടികൾ വർണ്ണാഭമായ 'ജലാബിയ'കളും സ്വർണ്ണാഭരണങ്ങളും ധരിക്കുമ്പോൾ, ആൺകുട്ടികൾ ബഹ്റൈനിന്റെ തനത് 'തോബ്' ധരിച്ചാണ് ആഘോഷങ്ങളിൽ പങ്കുചേരുന്നത്. ഗർഗാഊൻ എന്ന പേര് ബഹ്റൈനിലാണ് അറിയപ്പെടുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഇത് വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.