മനാമ: ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന എക്സ്പോ 2025ലെ ബഹ്റൈൻ പവിലിയന് അന്താരാഷ്ട്ര തലത്തിൽ പ്രശംസ. മികച്ച രൂപകൽപനക്കും സാംസ്കാരിക ദർശനത്തിനുമാണ് പ്രശംസ. കൂടാതെ പൈതൃകവും നവീകരണവും സമന്വയിപ്പിക്കുന്ന പവിലിയൻ ലോകമെമ്പാടുമുള്ള പ്രമുഖ വാസ്തുശിൽപികളിൽനിന്നും ഡിസൈനർമാരിൽനിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
പ്രമുഖ വാസ്തുവിദ്യാ പ്ലാറ്റ്ഫോമുകളായ ആർക്ക്ഡെയ്ലി, ആർക്കിടെക്ചറൽ റെക്കോഡ്, അസൂർ, വാൾപേപ്പർ, ഡിസൈൻ ബൂം എന്നിവ പവിലിയന്റെ പാരിസ്ഥിതിക സവിശേഷതകളെയും ആശയങ്ങളെയും കുറിച്ച് പ്രത്യേക ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എക്സ്പോയിലെ തീർച്ചയായും സന്ദർശിക്കേണ്ട 10 പവിലിയനുകളുടെ പട്ടികയിൽ ആർക്ക്ഡെയ്ലി ‘അനാട്ടമി ഓഫ് എ ദോ’ എന്ന ശീർഷകത്തിൽ ബഹ്റൈൻ പവിലിയനെ ഉൾപ്പെടുത്തി. കാനഡയിലെ അസൂർ മാസിക ഇത് എക്സ്പോയിലെ പ്രധാന ആകർഷണങ്ങളിലൊന്നായാണ് രേഖപ്പെടുത്തിയത്.
മരത്തടി ഉപയോഗിച്ചുള്ള നിർമാണവും സ്വാഭാവികമായ വായുസഞ്ചാരസംവിധാനങ്ങളും പവിലിയന്റെ സുസ്ഥിര സവിശേഷതകളായി മെറ്റീരിയൽ ഡിസ്ട്രിക്ടും പ്രത്യേകം എടുത്തുപറഞ്ഞു. ലെബനീസ് വാസ്തുശിൽപി ലിന ഗൊത്മെഹും അവരുടെ സ്റ്റുഡിയോയും ചേർന്ന് രൂപകൽപന ചെയ്ത ഈ പവിലിയൻ, ബഹ്റൈന്റെ സമുദ്ര പൈതൃകവും ജാപ്പനീസ് മരപ്പണി വിദ്യകളും സംയോജിപ്പിച്ചാണ് നിർമിച്ചിരിക്കുന്നത്. 995 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതും 13.7 മീറ്റർ ഉയരമുള്ളതുമായ ഈ നാല് നില കെട്ടിടം 'എംപവറിങ് ലൈവ്സ്' എന്ന മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. കടൽക്കാറ്റും സ്വാഭാവിക വായുസഞ്ചാരവും ഉപയോഗിച്ച് താപനില നിലനിർത്തുന്നതിലൂടെ ഇത് പരിസ്ഥിതിസൗഹൃദമായ ഒരു മാതൃക സൃഷ്ടിക്കുന്നു.
വിദേശരാജ്യങ്ങളിലെയടക്കം വിവധ മാഗസിനുകളിലും അച്ചടിമാധ്യമങ്ങളിലും പവിലിയന് വലിയ പ്രാധാന്യമാണ് ലഭിച്ചത്. പവിലിയന്റെ വാസ്തുവിദ്യാ സവിശേഷതകളെക്കുറിച്ചും സാംസ്കാരിക-പാരിസ്ഥിതിക പ്രമേയങ്ങളെക്കുറിച്ചും വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലെ മാധ്യമങ്ങളിലും റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടു.
ഇത് ആഗോള വാസ്തുവിദ്യാമേഖലയിൽ പവിലിയന് ലഭിക്കുന്ന അംഗീകാരത്തിന്റെ വ്യക്തമായ സൂചനയാണെന്ന് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആർക്കിയോളജി (ബി.എ.സി.എ) പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പവിലിയനിൽ നടന്ന ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. ഒക്ടോബർ 13 വരെ പവിലിയൻ സന്ദർശകർക്കായി തുറന്നിരിക്കും. ഷെപ്പേർഡ് സ്റ്റുഡിയോ, സിസ്സൽ ടൊലാസ്, ക്യുബി ക്രിയേറ്റീവ് കൺസൾട്ടന്റ്സ്, ഹസ്സൻ ഹുജൈരി, ലാ മെഡ്യൂസ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രദർശനം ഒരുക്കിയത്. വ്യാപാരം, കരകൗശലവിദ്യ, നിർമാണം, മുത്ത് ശേഖരണം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളെ ഇത് സ്പർശിക്കുന്നു.150ഓളം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 28 ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.