മനാമ: ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കി ബഹ്റൈൻ. തട്ടിപ്പുകളെക്കുറിച്ച് പൊതുസമൂഹത്തിനിടയിൽ അവബോധം വളർത്തുക, തട്ടിപ്പുകാരിൽ നിന്ന് ആളുകളെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഇലക്ട്രോണിക് തട്ടിപ്പുകൾക്കെതിരായ ദേശീയ കാമ്പയിനായ ‘പ്രൊട്ടക്ട് യുവർസെൽസ്, ബി അവെയർ’ സ്ഥാപകൻ ഡോ. മെഷാൽ അൽ തവാദി തട്ടിപ്പുകാർ ഉപയോഗിക്കുന്ന സങ്കീർണവും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതുമായ തന്ത്രങ്ങളെക്കുറിച്ച് കർശനമായ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഇസ ടൗൺ സോഷ്യൽ ചാരിറ്റി ആസ്ഥാനത്ത് സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിച്ച ‘വഞ്ചനകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കൽ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോ. അൽ തവാദി. ആപ്ലിക്കേഷനുകൾ, ലിങ്കുകൾ, ഇ-മെയിലുകൾ, എസ്.എം.എസ്, പ്രത്യേകിച്ച് പരിചിതമല്ലാത്ത അന്താരാഷ്ട്ര അല്ലെങ്കിൽ പ്രാദേശിക കോഡുകൾ വഹിക്കുന്ന അജ്ഞാത ഫോൺ നമ്പറുകൾ എന്നിവയിൽ നിന്നെല്ലാം എല്ലാവരും ജാഗ്രത പാലിക്കണം.
വാട്സ്ആപ് വഴി വ്യക്തികളെ വൈകാരികമായോ സാമൂഹികമായോ സ്വാധീനിച്ച് പണം തട്ടിയെടുക്കുന്ന ഒരുരീതി വർധിച്ചു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈനിൽ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും ഡോ. അൽ തവാദി പറഞ്ഞു. വൈബ്സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും നമ്മുടെ രഹസ്യ വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ, വ്യക്തി വിവരങ്ങൾ എന്നിവ സംരക്ഷിക്കരുത്. കൂടാതെ അപരിചിതമായ നമ്പറുകളിൽ നിന്നുള്ള പ്രത്യേകിച്ച് സംശയാസ്പദമായി അന്യ രാജ്യങ്ങളിൽ നിന്ന് വരുന്ന കാളുകൾ എടുക്കരുത്, മറുപടി നൽകരുത്.
6500 തുടങ്ങുന്ന പ്രാദേശിക നമ്പറുകളിൽ നിന്ന് വിളിച്ച് തട്ടിപ്പ് സംഘം എന്തെങ്കിലും വിവരങ്ങൾ ചോദിച്ചോ മറ്റ് നമ്മുടെ രേഖകളിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് പറഞ്ഞോ പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം മുന്നറിയിപ്പ് നൽകി. വിവരങ്ങൾ നൽകുന്നതിലൂടെ അവർക്ക് നമ്മുടെ യഥാർഥ ഡേറ്റ ആക്സസ് ചെയ്യാൻ കഴിയും. കൂടാതെ ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ചോ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചോ തട്ടിപ്പുകാർ നമ്മുടെ ഫോണുകളും കമ്പ്യൂട്ടറുകളും മിറർ ചെയ്യാനും ശ്രമിക്കും.
അക്കാര്യത്തിലും ശ്രദ്ധവേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ തട്ടിപ്പിൽ ഇരയായവർക്ക് 992 എന്ന നമ്പറിൽ ആന്റി-ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റിന്റെ ഹോട്ട്ലൈനിൽ ബന്ധപ്പെടാവുന്നതാണ്.ഏറ്റവും പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് അറിയാൻ പൗരന്മാർക്കും താമസക്കാർക്കും അറബിയിലും ഇംഗ്ലീഷിലും ലഭ്യമായ ഫിനാൻഷ്യൽ, സൈബർ കുറ്റകൃത്യങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ചേരാം. @acees_bh എന്ന ഇൻസ്റ്റഗ്രാം പേജിലെ ബയോയിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.