മനാമ: ബഹ്റൈനിൽ വിസിറ്റ് വിസയിൽ വന്ന് ജോലി വാഗ്ദാനത്തിൽ കുടുങ്ങിയയാൾക്ക് സഹായഹസ്തവുമായി കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി. നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കുകയും ടിക്കറ്റ് നൽകുകയും ചെയ്താണ് ആശ്വാസമേകിയത്. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ വ്യക്തി ഖത്തറിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചയാളായിരുന്നു. എന്നാൽ പെട്ടന്നാണ് ഭാര്യക്ക് കാൻസർ പിടിപെട്ട വിവരം അറിയുന്നത്. തുടർന്ന് കോവിഡും കൂടി വന്നപ്പോൾ ബിസിനസിൽ തകർച്ച സംഭവിച്ചു. കൈയിലുള്ള പണം മുഴുവൻ ഭാര്യയുടെ ചികിത്സക്കായി ചെലവഴിക്കേണ്ടി വന്നു.
ഭാര്യയുടെ വിയോഗത്തിന് ശേഷമാണ് ജീവിതം വീണ്ടും കെട്ടിപ്പടുക്കാൻ അദ്ദേഹം ബഹ്റൈനിലെത്തുന്നത്. എന്നാൽ വിസിറ്റ് വിസയിലെത്തിയ അദ്ദേഹം പറ്റിക്കപ്പെടുകയായിരുന്നു. ഒരു ഹോട്ടലിൽ ജോലി ഉണ്ടെന്ന് പറഞ്ഞാണ് അദ്ദേഹത്തെ മറ്റൊരാൾ ഇവിടെയെത്തിച്ചത്. എന്നാൽ ഇവിടെയെത്തിയപ്പോഴാണ് അങ്ങനെയൊരു ഹോട്ടൽ ഇവിടെ പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലായത്. കൈയിൽ ബാക്കി വന്ന പണം മുഴുവനും അയാൾ ഇതിനോടകം ചെലവാക്കിക്കഴിഞ്ഞു.
ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതായി. ഈ സാഹചര്യത്തിലാണ് തൃക്കരിപ്പൂർ കെ.എം.സി.സി സെക്രട്ടറി അസ്ലമിനെ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം വിളിച്ച് കാര്യം അറിയിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് നാട്ടിലെത്താനുള്ള സൗകര്യം തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.