എരിഷ് ലാറിൻ ബഹുമതികളുമായി
മനാമ: അസാധാരണമായ ഓർമശക്തിയും നിരീക്ഷണപാടവവും കൊണ്ട് ലോക റെക്കോഡുകൾ ഒന്നൊന്നായി സ്വന്തമാക്കി മലപ്പുറം കുറ്റിപ്പുറം സ്വദേശിനി എരിഷ് ലാറിൻ പി. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് എന്നീ നേട്ടങ്ങൾക്കുപിന്നാലെയാണ് ബഹ്റൈനിൽ താമസിക്കുന്ന ഈ ഒന്നരവയസ്സുകാരിയെ തേടി ജീനിയസ് ബുക്ക് റോക്കോഡിന്റെ ‘ജീനിയസ് സ്റ്റാർ’ ബഹുമതിയെത്തിയത്. വെറും ഒന്നര വയസ്സ് മാത്രം പ്രായമുള്ള എരിഷിനെ, വിവിധങ്ങളായ വസ്തുക്കളെ കൃത്യതയോടെ തിരിച്ചറിയാനുള്ള അസാധാരണമായ കഴിവാണ് ഈ അംഗീകാരത്തിന് അർഹയാക്കിയത്.
പച്ചക്കറികൾ, ജ്യാമിതീയ രൂപങ്ങൾ, മൃഗങ്ങൾ, വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകൾ ഇവയിൽ ഏറ്റവും കൂടുതൽ എണ്ണം കൃത്യതയോടെ തിരിച്ചറിയുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോഡാണ് എരിഷ് സ്വന്തമാക്കിയത്.
കൂടാതെ, ലോക റെക്കോർഡ് സ്ഥാപനമായ ‘വേൾഡ് കിങ്ങിന്റെ’ 'ടോപ് റെക്കോർഡ്സ് 2025' പട്ടികയിലും ഈ മിടുക്കി സ്ഥാനം നേടിയിട്ടുണ്ട്. കുറ്റിപ്പുറം സ്വദേശികളായ ഹസീം പിയുടെയും ശബാനയുടെയും മകളാണ് എരിഷ്. ബഹ്റൈനിൽ ജോലി ചെയ്യുന്ന ഇവർ, മകളുടെ കഴിവുകൾക്ക് എല്ലാ പ്രോത്സാഹനവും നൽകി കൂടെയുണ്ട്. പിതാവ് ഹസീം ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം (ബി.എം.ഡി.എഫ്) അംഗം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.