മനാമ: നോർക്ക റൂട്ട്സ് പ്രവാസി ഐഡി കാർഡ് അംഗത്വം ഇനിമുതൽ വാട്സ്ആപ് വെരിഫിക്കേഷൻ വഴിയും ലഭ്യമാകും. നേരത്തെ പുതിയ അംഗത്വ കാർഡ് എടുക്കുന്നതിനും കാർഡുകൾ പുതുക്കുന്നതിനും രണ്ട് ഒ.ടി.പി സംവിധാനമാണുണ്ടായിരുന്നത്. ഒ.ടി.പി ഒന്ന് മെയിൽ വഴിയും മറ്റൊന്ന് നാട്ടിലെ മൊബൈൽ നമ്പർ വഴിയുമാണ് ലഭിച്ചിരുന്നത്. മെയിൽ സംവിധാനങ്ങൾ ഉപയോഗിക്കാനറിയാത്ത പലർക്കും ഇതൊരു ബാധ്യതയായി മാറിയിരുന്നു. ഈ സംവിധാനമാണ് ഇനിമുതൽ വാട്സ്ആപ് വഴിയാക്കിയത്. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുമായും മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവരുമായും കഴിഞ്ഞദിവസം നോർക്ക അധികൃതർ നടത്തിയ ഓൺലൈൻ സൂം മീറ്റിങ്ങിലാണ് ഈ വിവരം നോർക്ക സി.ഇ.ഒ അജിത് കൊളാശേരി അറിയിച്ചത്.
കൂടാതെ ഐഡി കാർഡ് അംഗത്വം എടുക്കുന്നവർക്ക് ഇനിമുതൽ ആധാർകാർഡ് വിവരങ്ങളും നൽകേണ്ടതില്ല. നിലവിൽ നമ്പർ ആവശ്യപ്പെടുന്ന കോളം വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഒാപ്ഷണനാലിയി ആധാർ കാർഡ് ചോദിച്ചിരുന്നു. കഴിഞ്ഞ മേയിൽ ബഹ്റൈനിലെത്തിയ നോർക്ക സി.ഇ.ഒയോട് ഇക്കാര്യം അടക്കം 20 മാറ്റങ്ങൾ വേണമെന്ന ആവശ്യം കെ.എം.സി.സി പ്രവർത്തകർ അറിയിച്ചിരുന്നു. ‘ഗൾഫ് മാധ്യമം’ പത്രത്തിൽ അന്നേ ദിവസം ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി വാർത്തയും നൽകിയിരുന്നു. അതിനെ തുടർന്ന് വേണ്ട നടപടികൾ പരിശോധിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു നോർക്ക അധികൃതർ അറിയിച്ചിരുന്നത്.
ഇതുകൂടാതെ കെ.എം.സി.സി ആവശ്യപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെട്ട അംഗത്വ കാലപരിധിയും കുറച്ചിട്ടുണ്ട്. നേരത്തെ രണ്ടുമാസമെടുത്തിരുന്ന അംഗ്വത്വ കാലപരിധിയാണ് രണ്ടു ദിവസമായി കുറച്ചത്. കെ.എം.സി.സിയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ, സെക്രട്ടറി കൊട്ടപ്പള്ളി ഫൈസൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.