മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച ഭാഗിക ഒഴിപ്പിക്കൽ ഡ്രിൽ വിജയകരമായി പൂർത്തിയാക്കി. വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ബഹ്റൈൻ എയർപോർട്ട് കമ്പനി, സിവിൽ ഏവിയേഷൻ അഫയേഴ്സുമായി സഹകരിച്ചാണ് ഈ മാതൃകാ പരിശോധന സംഘടിപ്പിച്ചത്.
വിമാനത്താവളത്തിലെ ഒഴിപ്പിക്കൽ പ്ലാനുകളുടെ ഫലപ്രാപ്തിയും അടിയന്തര സേനാ വിഭാഗങ്ങളുടെ സന്നദ്ധതയും പരിശോധിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. വിവിധ സുരക്ഷാ-സർക്കാർ ഏജൻസികളുടെ സജീവ പങ്കാളിത്തവും കൃത്യമായ ഏകോപനവുമാണ് ഡ്രില്ലിനെ ശ്രദ്ധേയമാക്കിയത്. ബി.എ.സി, ഗൾഫ് എയർ ഗ്രൂപ്, എയർപോർട്ട് പൊലീസ്, നാഷനൽ ഡിസാസ്റ്റർ കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസ്, കസ്റ്റംസ് അഫയേഴ്സ്, നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ്, ബഹ്റൈൻ എയർപോർട്ട് സർവിസസ് എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് ഈ ദൗത്യത്തിൽ പങ്കുചേർന്നത്. ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട ആശയവിനിമയ രീതികളും പ്രവർത്തന പ്രോട്ടോകോളുകളും ഡ്രില്ലിലൂടെ ആഴത്തിൽ വിശകലനം ചെയ്തു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് ബി.എ.സി വൈസ് പ്രസിഡന്റ് മുഹമ്മദ് യൂസഫ് അൽ സയ്യിദ് വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കാൻ ഇത്തരം പരിശോധനകൾ അത്യാവശ്യമാണെന്നും നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാൻ ഇത് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ പ്രോട്ടോകോളുകൾ ഉറപ്പാക്കാനുള്ള ബി.എ.സിയുടെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.