മനാമ: സർക്കാർ ഓഫിസുകളിലോ ഓൺലൈനിലോ പോകാതെ തന്നെ താമസക്കാർക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ സൗകര്യമൊരുക്കുന്ന ഇലക്ട്രോണിക് സ്വയം സേവന യന്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള നിർദേശത്തിന് നോർതേൺ മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. കൗൺസിലർ മുഹമ്മദ് അൽ ദോസരി സമർപ്പിച്ച ഈ നിർദേശം കൗൺസിലിന്റെ സർവിസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചർച്ച ചെയ്യുകയും ഭൂരിപക്ഷ വോട്ടോടെ അംഗീകരിക്കുകയുമായിരുന്നു. എന്നാൽ, കൗൺസിൽ വൈസ് ചെയർപേഴ്സൻ സൈന ജാസിം ഈ നിർദേശത്തെ ശക്തമായി എതിർത്തു.
ഡ്രൈവിങ് ലൈസൻസ് പുതുക്കൽ സേവനങ്ങൾ ഏത് സമയത്തും ലഭ്യമാക്കുക, സർക്കാർ ഓഫിസുകൾ സന്ദർശിക്കുന്നതും ക്യൂ നിൽക്കുന്നതും കുറക്കുക, സർക്കാർ സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുക, കൂടാതെ ദേശീയ വികസന ലക്ഷ്യങ്ങൾക്കും യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും അനുസൃതമായി ബഹ്റൈന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് നിർദേശത്തിന്റെ ലക്ഷ്യമെന്ന് കമ്മിറ്റി ചെയർപേഴ്സൻ സൈനബ് അൽ ദുറാസിയുടെ നേതൃത്വത്തിലുള്ള സമിതി പറഞ്ഞു.
ഷോപ്പിങ് മാളുകൾ, സർക്കാർ സേവന കേന്ദ്രങ്ങൾ തുടങ്ങിയ പൊതുയിടങ്ങളിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നത് പൗരന്മാർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്നും അൽ ദുറാസി പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ പ്രയാസമുള്ളവർ ഉൾപ്പെടെയുള്ളവർക്ക് സേവന ലഭ്യത മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. ജി.സി.സി രാജ്യങ്ങളിലും മറ്റനേകം രാജ്യങ്ങളിലും ഇത്തരത്തിലുള്ള സ്വയം സേവന സാങ്കേതികവിദ്യകൾ ഇതിനോടകം ഉപയോഗിക്കുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ പ്രയാസമുള്ള മുതിർന്ന പൗരന്മാർക്ക് ഈ യന്ത്രങ്ങൾ വളരെയധികം പ്രയോജനകരമാകും. ലൈസൻസ് പുതുക്കലിനുപുറമെ ഭാവിയിൽ മറ്റ് ട്രാഫിക് സേവനങ്ങൾ കൂടി ഉൾപ്പെടുത്താൻ ഈ യന്ത്രങ്ങൾ നവീകരിക്കാൻ സാധിക്കുമെന്നും നിർദേശത്തെ അനുകൂലിച്ച് സമിതി പറഞ്ഞു.
എന്നാൽ, ബഹ്റൈനിലെ ഡിജിറ്റൽ സർക്കാർ സേവനങ്ങൾ മികച്ചതാണെന്നും ഓൺലൈൻ വഴി പരമാവധി രണ്ട് മിനിറ്റിനുള്ളിൽ ലൈസൻസ് പുതുക്കാനാകുമെന്നും ഓൺലൈൻ പുതുക്കലിനുശേഷം ഫിസിക്കൽ ലൈസൻസ് തപാൽ വഴി ലഭിക്കുന്നതുവരെ ഇലക്ട്രോണിക് ലൈസൻസ് ഫോർമാറ്റ് മൊബൈൽ ഫോണിൽ ലഭ്യമാണെന്ന് നിർദേശത്തെ എതിർത്ത് കൗൺസിൽ വൈസ് ചെയർപേഴ്സൻ സൈന ജാസിം പറഞ്ഞു.
ഈ യന്ത്രങ്ങൾ സ്ഥാപിക്കുന്നത് അനാവശ്യമായ വലിയ ചെലവ് ഉണ്ടാക്കുമെന്നും, ഈ തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നും അവർ വാദിച്ചു.
വിശദമായ ചർച്ചകൾക്കൊടുവിൽ, സൈന ജാസിം ഒഴികെയുള്ള മറ്റ് അംഗങ്ങളുടെ വോട്ടോടെ നിർദേശം കൗൺസിൽ അംഗീകരിച്ചു. കൂടുതൽ പരിഗണനകൾക്കായി ഈ ശിപാർശ ഇപ്പോൾ ബന്ധപ്പെട്ട മന്ത്രിക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.