അംബാസഡർമാർ ഹമദ് രാജാവുമായി കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈനിൽ പുതിയതായി നിയമിതരായ അംബാസഡർമാർ ഹമദ് രാജാവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. ബെൽജിയം അംബാസഡർ ഡോ. മുഹമ്മദ് അലി ബെഹ്സാദ്, തായ്ലൻഡിലെ അംബാസഡർ ഖലീൽ യഅ്ഖൂബ് അൽ ഖയ്യാത്ത്, ജർമനിയിലെ അംബാസഡർ അഹമ്മദ് ഇബ്രാഹീം അൽ ഖുറൈനീസ് എന്നിവരെയാണ് സത്യപ്രതിജ്ഞ ചെയ്തത്. അംബാസഡർമാരെ സഫ്രിയ കൊട്ടാരത്തിലേക്ക് സ്വീകരിച്ച ഹമദ് രാജാവ് അവരെ അഭിനന്ദിക്കുകയും പുതിയ ദൗത്യങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു.
അവരവരുടെ രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് തന്റെ ആശംസകൾ അറിയിക്കാനും അംബാസഡർമാരോട് ഹമജ് രാജാവ് ആവശ്യപ്പെട്ടു. ഓരോ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും ബഹ്റൈൻ പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നും രാജാവ് നിർദേശിച്ചു. അംബാസഡർമാർക്ക് ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിലും നയതന്ത്രപരമായ ഇടപെടലുകൾ വർധിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും രാജാവ് വ്യക്തമാക്കി.
പരസ്പര വിശ്വാസം, ധാരണ, ബഹുമാനം എന്നീ തത്ത്വങ്ങളെ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജാവിന്റെ സ്വീകരണത്തിനും പ്രശംസക്കും അംബാസഡർമാർ നന്ദി അറിയിച്ചു. ബഹ്റൈനെ പ്രതിനിധാനം ചെയ്യുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനും അതത് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും രാജാവിന്റെ നിർദേശങ്ങൾ ഒരു മാർഗനിർദേശമായി സ്വീകരിക്കുമെന്നും അവർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.