മനാമ: മുഹറഖിനെയും അറാദിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാക്കി മുഹറഖ് മുനിസിപ്പൽ കൗൺസിൽ. നിലവിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ മുഹറഖിനെയും അറാദിനെയും ബന്ധിപ്പിക്കുന്ന കടൽപ്പാലം അത്യന്താപേക്ഷിതമാണെന്ന് കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി. മുഹറഖിലും അറാദിലും ജനസാന്ദ്രത വർധിച്ചതോടെ നിലവിലുള്ള റോഡുകളിൽ അനുഭവപ്പെടുന്ന അമിതമായ തിരക്ക് ഒഴിവാക്കുക, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുക എന്നിവയാണ് പ്രധാനമായും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. പുറമേ വിനോദസഞ്ചാര മേഖലക്കും വാണിജ്യ സ്ഥാപനങ്ങൾക്കും പുതിയ പാലം കരുത്തേകും.
ഏകദേശം 12 ദശലക്ഷം ദീനാർ ആണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. വർഷങ്ങളായി ചർച്ചയിലുണ്ടെങ്കിലും ഇതുവരെ പദ്ധതി യാഥാർഥ്യമായിട്ടില്ലെന്ന് മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാൻ സ്വാലിഹ് ബുഹാസ ചൂണ്ടിക്കാട്ടി. മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നഅ്ർ ഈ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. മുഹറഖിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പാലം വലിയൊരു വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വർക്സ് മന്ത്രാലയവുമായി സഹകരിച്ച് പാലത്തിന്റെ എഞ്ചിനീയറിങ് ഡിസൈനുകളും സാങ്കേതിക പഠനങ്ങളും വേഗത്തിലാക്കാൻ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വരും മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വിശദമായ പ്രൊപ്പോസലുകൾ ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കാനാണ് കൗൺസിലിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.