മനാമ: ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് അയക്കുന്ന പണം അക്കൗണ്ടിൽ ക്രെഡിറ്റാവുന്നത് രണ്ടു ദിവസം വൈകിപ്പിക്കണമെന്ന നിർദേശവുമായി എം.പിമാർ. ഓൺലൈൻ തട്ടിപ്പുകാരെ കണ്ടെത്താനും പിടികൂടാനും അധികാരികൾക്ക് ഈ കാലതാമസം നിർണായക സമയം നൽകുമെന്നാണ് എം.പിമാരുടെ വാദം. നിർദേശം പാർലമെന്റ് അംഗീകരിച്ചാൽ അന്താരാഷ്ട്ര ഇടപാടുകളിൽ പണം ക്രെഡിറ്റാവാൻ ചുരുങ്ങിയത് 48 മണിക്കൂറെങ്കിലും പിടിക്കും.
ആളുകൾ കബളിപ്പിക്കപ്പെടുന്നതിനു മുമ്പ് ഫോണുകളിലേക്ക് വരുന്ന തട്ടിപ്പ് സന്ദേശങ്ങൾ തടയാൻ ടെലികോം കമ്പനികൾക്ക് ഇതുവഴി സാധിക്കുമെന്നും എം.പിമാർ ഉന്നയിക്കുന്നു.
പാർലമെന്റിൽ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതികൾ എന്നിവരുടെ പിന്തുണയുള്ള ഈ നിർദേശം നടപ്പാകാൻ സാധ്യത കൂടുതലാണെന്ന് വിഷയം മുന്നോട്ടുവെച്ച എം.പിമാരായ ഹസൻ ഇബ്രാഹീം, ഡോ. ഹിശാം അൽ ആശിരി, ഡോ. അലി മാജിദ് അൽ നുഐമി, ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽ നബി സൽമാൻ, ഹസൻ ബുഖുമ്മാസ് എന്നിവർ പറഞ്ഞു. തട്ടിപ്പുകാർ കൂടുതൽ തന്ത്രശാലികളാണ്.
ആൾമാറാട്ടം, അക്കൗണ്ടുകൾ ചോർത്തൽ മുതലായവ അധികരിച്ച സാഹചര്യത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കുക എന്നതാണ് ഒരു മാർഗെമന്നും എം.പിമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.