സിനിമ ആസ്വാദനം; അണ്ഡകടാഹം കഠിന കഠോരമാകുമ്പോൾ

കുറേ നാളുകൾക്ക് ശേഷം നല്ലൊരു ഹൃദയസ്പർശിയായ സിനിമ കണ്ടു.അഭിനേതാവ് എന്ന നിലയിൽ ബേസിൽ ജോസഫിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയായിരുന്നു ഈ ചിത്രത്തിൽ.കോവിഡ് കാലവും കോഴിക്കോടും പ ശ്ചാത്തലമാക്കി ഒരുക്കിയ സിനിമയിൽ പ്രവാസത്തിന്റെ വൈകാരികമായ നിരവധി രംഗങ്ങൾ മനോഹരമായി ചേർത്ത് വെച്ചിട്ടുണ്ട്.കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ സാധാരണക്കാരന്റെ ജീവിതത്തെ എങ്ങിനെയൊക്കെയാണ് പ്രതികൂലമായി ബാധിച്ചത്,ആ സമയത്തെ ചില നിയന്ത്രണങ്ങളിലെ അസംബന്ധങ്ങളും തമാശകളും,പണവും പിടിപാടും രാഷ്ട്രീയ സ്വാധീനവുമുള്ളവർക്ക് മുന്നിൽ എല്ലാ പ്രോട്ടോകോളുകളും നോക്ക്കുത്തിയാവുന്നതുമൊക്കെ സിനിമയിൽ കടന്നു വരുന്നുണ്ട്.

ഗൾഫിൽ നിന്നും മരിച്ച പ്രവാസിയുടെ മയ്യിത്ത് ഏറെ ദിവസത്തെ പെടാപാടുകൾക്ക് ശേഷം നാട്ടിലെത്തുമ്പോഴേക്കും അവിടെ കണ്ടയിൻമെന്റ് സോണാവുന്നു. സ്വന്തം ഭാര്യക്കും മക്കൾക്കും പോലും ആ മയ്യിത്തിനെ ഒരു നോക്ക് കാണാനുള്ള അവസരം കൊടുക്കാത്ത നിയമത്തിന്റെ കാർക്കശ്യം ഉണ്ടായിരുന്നിടത്താണ് ഇലക്ഷൻ പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിൽ ആയിരങ്ങൾ ഒരു മാസ്ക് പോലും ധരിക്കാതെ തെരുവിൽ നിറഞ്ഞടിയത്.

ദീർഘകാലം ഗൾഫിൽ സ്വന്തം കുടുംബത്തിന് വേണ്ടി അധ്വാനിച്ചിട്ടും അവസാനം എന്ത് നേടി എന്ന ചോദ്യം ഉറ്റവരിൽ നിന്ന് തന്നെ കേൾക്കേണ്ടി വരുന്ന നിരവധി പ്രവാസികളുടെ പ്രാധിനിത്യം സിനിമയിൽ കൃത്യമായി തന്നെ വരച്ചു ചേർത്തിട്ടുണ്ട്. പല പ്രവാസികളും തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും മണലാരണ്യത്തിൽ ഹോമിക്കുന്നവരാണ്. ഇതിൽ പലരും സ്വന്തം ആരോഗ്യവും പോലും പരിഗണിക്കാതെയും അരപ്പട്ടിണിയും മുഴുപട്ടിണിയുമൊക്കെ കിടന്നു കൊണ്ടാണ് കുടുംബത്തിനെ അല്ലലും അലട്ടലുമില്ലാതെ കര പറ്റിക്കാൻ ശ്രമിക്കുന്നത്. സിനിമയിലെ പ്രവാസിയുടെ തന്റെ ഭാര്യയെയും മകനെയും വിളിക്കുന്ന ഫോൺ സംസാരത്തിനിടയിൽ അദ്ദേഹത്തിന്റെ ചുമ കേൾപ്പിക്കുന്നത് ഏറെ കാര്യങ്ങൾ പറഞ്ഞു വെക്കുന്നുണ്ട്.

ഇന്ന് പുതു തലമുറയിൽ പലരും ഗൾഫിലേക്കെത്തുന്നത് മെച്ചപ്പെട്ട ജോലിയും സൗകര്യങ്ങളുമൊക്കെയായിട്ടാണ്. ജീവിതം എത്ര സാമ്പത്തിക പ്രയാസത്തിലാണെങ്കിലും സാദാ ഷോപ്പുകളിലും കോൾഡ് സ്റ്റോറുകളിലും കഫ്റ്റീരിയകളിലുമൊക്കെയുള്ള ജോലിയെടുക്കാൻ മലയാളി ചെറുപ്പം ഇന്ന് തയ്യാറല്ലയെന്നും സിനിമയിൽ പരോക്ഷമായി പറയുന്നുണ്ട്.

കയ്യിൽ കാശില്ലെങ്കിലും നിരവധി ബിസിനസ് ഐഡിയകളുമായി നടക്കുന്ന പുതു തലമുറയെ ചിത്രത്തിലൂടെ നമുക്ക് കാണാം. ആരാന്റെ കീശയിലെ പണമെടുത്ത് കച്ചവടം ചെയ്തു മുതലാളി ആവാനുള്ള ആഗ്രഹവുമായി നടന്ന് അവസാനം ചെയ്യുന്ന ബിസിനസ് പൊട്ടി കടത്തിൽ നിന്ന് കടത്തിലേക്ക് കൂപ്പു കുത്തുന്നവർ നമ്മുടെ നാട്ടിൽ കൂടി വരുന്ന സാഹചര്യത്തിൽ അവർക്കുള്ള നല്ലൊരു സന്ദേശം കൂടിയാണ് ഈ സിനിമ.നൈസാം സലാം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുഹഷിൻ ആണ്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷദ് കഥയും തിരക്കഥയും നിർവഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു.രി, ഷർഫു,ഉമ്പാച്ചി എന്നിവരാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. മനോഹരമായ ഗാനങ്ങളും രംഗപശ്ചാത്തലവും കൊണ്ട് സമ്പന്നവുമാണ് ഈ സിനിമ.ബേസിലിനു പുറമെ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സ്വാതി ദാസ് പ്രഭു, നിർമൽ പാലാഴി, ജോണി ആന്റണി, ബിനു പപ്പു, സുധീഷ്, ശ്രീജ രവി, പാർവതി കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

Tags:    
News Summary - movie review- Kadina Kadoramee Andakadaham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.