മനാമ: സർക്കാറിന്റെ ഭൂമി അവകാശ വികസന പദ്ധതിയുടെ ആദ്യഘട്ടമെന്നോണം രണ്ടു വർഷത്തിനുള്ളിൽ 7000 വീടുകൾ പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് പാർപ്പിട, നഗരാസൂത്രണ കാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹി. സ്വദേശി പൗരന്മാർക്ക് പ്രയോജനം ലഭിക്കുന്നതിനായി അതിവേഗം പൂർത്തിയാക്കുന്ന 11 ഭവന പദ്ധതികളുടെ ഭാഗമാണിതെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതികളുടെ പൂർത്തീകരണ നിരക്ക് വർധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. ഈ വർഷം അവസാനത്തോടെ നൂറിലധികം ഭവന യൂനിറ്റുകൾ കൈമാറാൻ കഴിയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഡെൽമോൺ ഗേറ്റുമായി സഹകരിച്ച് സൽമാൻ സിറ്റിയിൽ നടപ്പാക്കുന്ന പദ്ധതി 79 ശതമാനം പൂർത്തിയായിട്ടുണ്ട്. 131 ഭവന യൂനിറ്റുകളാണ് ഇവിടെയുള്ളത്. 23,000 ചതുരശ്ര മീറ്ററാണ് പദ്ധതിയുടെ ആകെ വിസ്തീർണം. ഓരോ യൂനിറ്റിനും 171 മുതൽ 190 ചതുരശ്ര മീറ്റർ വരെ വലുപ്പമുണ്ട്. 2025 അവസാനത്തോടെ ഇതു പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വൈദ്യുതി കണക്ഷനുകൾ നൽകുന്ന അവസാന ഘട്ടത്തിലാണ്. അൽ സരായ കമ്പനിയുമായി സഹകരിച്ച് ബുഹൈറിൽ നടപ്പാക്കുന്ന പദ്ധതിയുടെ 59 ശതമാനം പൂർത്തിയായിട്ടുണ്ട്. ഏകദേശം 20,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 76 ഭവന യൂനിറ്റുകളാണ് ഇവിടെയുള്ളത്. അൽ നമൽ ഗ്രൂപ് നടപ്പാക്കുന്ന ഹൂറത്ത് സനാദ് പദ്ധതിയുടെ 15 ശതമാനം ജോലികൾ പൂർത്തിയായി.
ഏകദേശം 10,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 47 വീടുകൾ ഇതു നൽകും. ഭവന യൂനിറ്റുകളുടെ നിർമാണവും അനുബന്ധ അടിസ്ഥാന സൗകര്യ വികസനവും ഒരേസമയം നടത്താനാണ് പദ്ധതി. ഇതു സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാനും ഗുണഭോക്താക്കൾക്ക് കൈമാറാനും സഹായിക്കും. ഭവന ധനസഹായ പദ്ധതി ഓപ്ഷനുകൾ സർക്കാർ പ്രഖ്യാപിച്ചതാണ് പദ്ധതിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്. വീടുകൾക്കായി വർഷങ്ങളോളം കാത്തിരിക്കാതെ ധനസഹായം ലഭിക്കുന്നത് വഴി ആവശ്യാനുസൃതം സ്ഥലമോ വീടുകളോ അപ്പാർട്മെന്റുകളോ പൗരന്മാർക്ക് സ്വന്തമാക്കാം. അൽ നസീം, അൽ വാദി പദ്ധതികൾ ആരംഭിച്ചപ്പോൾതന്നെ യൂനിറ്റുകൾ അതിവേഗം വിറ്റഴിഞ്ഞത് ഇതിനു തെളിവാണ്.നിലവിൽ ദേശീയ, ആഗോള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ മൂവായിരത്തിലധികം ഭവന യൂനിറ്റുകളും അപ്പാർട്മെന്റുകളും നൽകുന്ന ഖലീഫ ടൗൺ പദ്ധതി നടപ്പാക്കുന്നതിനായി ധാരണപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.