ഗ്രാമത്തിന്റെ ചെറുവഴികളിൽ ഓടിക്കൊണ്ടിരുന്ന ആ പഴയ ജീപ്പിന്റെ മുകളിൽ കെട്ടിയിരുന്ന ലൗഡ്സ്പീക്കറിന്റെ ശബ്ദം ഇന്നും എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ആ തെരഞ്ഞെടുപ്പ് ദിനങ്ങളുടെ ചൂടും ആവേശവും മനസ്സിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നു.
ഞാൻ പ്രചാരണവാഹനത്തിൽ അനൗൺസറായി പ്രവർത്തിച്ച കാലം. ഈ പ്രവാസ മണ്ണില്‍ നിന്നും ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഓര്‍മകളിലേക്ക് ആ ലൈവ് അനൗണ്‍സ്മെന്റ് ഓടിയെത്തും. മുറുക്കിയ മൈക്ക് പിടിച്ച് ‘പ്രിയമുള്ളവരേ, ജനാധിപത്യ മതേതര വിശ്വാസികളേ, ഈ വരുന്ന ത്രിതല പഞ്ചായത്ത് /നിയമ സഭ/ലോക്സഭാ തെരഞ്ഞെടുപ്പില്‍ നമ്മുടെ സാരഥിയായി ജനവിധി തേടുന്ന............’ എന്ന് തുടങ്ങി മണിക്കൂറുകൾ നീളുന്ന അനൗൺസ്മെന്റുകൾ ചെയ്യുന്നത് കേവലം ജോലി മാത്രമായിരുന്നില്ല; അതൊരു ജീവിതപാഠവും ആയിരുന്നു. ഇന്ന് ലൈവ് അനൗണ്‍സ്മെന്റുകള്‍ കുറവാണ്.
നേരത്തേ റെക്കോര്‍ഡ് ചെയ്ത അനൗണ്‍സ്മെന്റുകളാണ് പ്രചാരണ വാഹനങ്ങളിലധികവും. അന്ന് തൊട്ടടുത്ത ഗ്രാമവീഥികളിലൂടെ വാഹനം മുന്നോട്ടു പോകുമ്പോള്‍ സ്ഥാനാർഥികളുടെ കട്ടൗട്ടുകളും പോസ്റ്ററുകളും അതൊരു ഉത്സവത്തിന്റെ ഭാഗംപോലെ തോന്നും. ചില പ്രദേശങ്ങളില്‍ നമ്മുടെ പ്രചാരണ വാഹനം എത്തുമ്പോൾ ചായയും ജ്യൂസുകളും കൊണ്ട് വരവേൽപ്പുണ്ടാകും. ചിലർ ആശംസിച്ച് കടന്നുപോകും, ചിലർ മറുവിഭാഗത്തെ പിന്തുണക്കുന്നതിനാൽ ഒരു മന്ദഹാസം മാത്രം നല്‍കും.
ഈ വൈവിധ്യമാർന്ന പ്രതികരണങ്ങളിലാണ് ജനാധിപത്യത്തിന്റെ ജന്മം. തെരഞ്ഞെടുപ്പ് എന്നത് വെറും വോട്ടെടുപ്പ് അല്ല. അത് നാടിന്റെ ആത്മാവിനെയും ആഗ്രഹങ്ങളെയും ഭാവിയുടെ രൂപരേഖകളെയും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്ന ഒരു പൊതു സംഭാഷണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.