സംസ്ഥാനത്തിന്റെ ഭരണ മേഖലകളിൽ നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോര് കണ്ടുനിൽക്കാൻ പൊതു സമൂഹത്തിന് കഴിയില്ല. കാരണം, അത്രയും മോശമായ രീതിയിലുള്ള പോർവിളികളാണ് കേട്ടുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി ഒരു തെറ്റു ചെയ്യുമ്പോൾ അതേ നാണയത്തിൽ ഗവർണറും മറു തെറ്റുകൾക്ക് വേഗത കൂട്ടുകയാണ്. രണ്ടുപേരുടെ തെറ്റുകളും തെറ്റാണെന്ന് വിളിച്ചുപറയുന്ന ആർജവം കേരളത്തിന് ഉണ്ടാവണം.
ഗവർണറുടെ വാർത്തസമ്മേളനത്തിനിടയിൽ രണ്ടു മാധ്യമ റിപ്പോർട്ടർമാരെ പറത്താക്കിയപ്പോൾ പുച്ഛം തോന്നുന്നത് കേരളത്തിലെ ചില മാധ്യമങ്ങളോടാണെന്ന് പറയാതെ വയ്യ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം പറയുന്ന പാവപ്പെട്ട നേതാക്കന്മാരെ കണ്ടാൽ തലങ്ങും വിലങ്ങും വട്ടമിട്ടു ആക്രമിച്ചു കളയാം എന്ന് വ്യാമോഹിക്കുന്ന കേരളത്തിലെ ഒരുകൂട്ടം മാധ്യമ പടകൾ ഗവർണറുടെ ആക്രോശത്തിനുമുന്നിൽ അലിഞ്ഞു തീരുന്ന ദയനീയ കാഴ്ചയാണ് കഴിഞ്ഞ ദിവസം കാണാൻ സാധിച്ചത്.
ഗവർണർ അദ്ദേഹത്തിന്റെ വസതിയിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽനിന്ന് മാധ്യമ സംഘത്തിൽപെട്ട രണ്ടുപേരെ മാത്രം പുറത്താക്കുമ്പോൾ ഒരുമയോടെ ഒന്ന് പ്രതികരിക്കാൻ മാധ്യമ കൂട്ടായ്മകൾക്കായില്ല എന്നത് നിങ്ങൾക്കിടയിലുള്ള അനൈക്യത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് വെളിപ്പെടുത്തുന്നതാണ്. ഈ വിഷയത്തിൽ വളരെ ആത്മാർഥമായിട്ടുള്ള ഒരു ഉൾചർച്ച നടക്കേണ്ടിയിരിക്കുന്നു എന്നതിലേക്കാണ് പുതിയ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്. അല്ലെങ്കിൽ ഇതിനേക്കാളും വലിയ അപമാനം പുതിയ മാധ്യമ പ്രവർത്തകരടക്കം പലരും നേരിടേണ്ടിവരും എന്നതിൽ സംശയമില്ല.
അബൂബക്കർ ഇരിങ്ങണ്ണൂർ
നിങ്ങളുടെ കുറിപ്പുകൾ ഇൻബോക്സിലേക്ക് അയക്കുക വാട്സ് ആപ് നമ്പർ: 3920386
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.