ഇസ്മായിൽ പതിയാരക്കര
വെള്ളാപ്പള്ളി വെട്ടിയൊരുക്കിയ വർഗീയ വാരിക്കുഴിയിലേക്ക് ഒരു വീണ്ടുവിചാരവുമില്ലാതെ പാർട്ടിയെ നയിച്ച പിണറായി വിജയന്റെ തെറ്റായ നയ പരിപാടികളുടെ പരിണിത ഫലമാണ് ഈ തെരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ പരാജയം. പ്രധാനമായും കഴിഞ്ഞ കുറച്ചുകാലങ്ങളായി പാർട്ടി തുടരുന്ന വർഗീയത മാത്രം വിളമ്പുന്ന വെള്ളാപ്പള്ളിയെപ്പോലൊരു സമുദായ നേതാവിനെ തോളിലേറ്റി അയാളുടെ മുസ്ലിം വിരുദ്ധ സമീപനങ്ങൾക്ക് പ്രച്ഛന്നമായി മേലൊപ്പ് ചാർത്തുന്ന സമീപനങ്ങൾ യഥാർഥത്തിൽ കൊല്ലം പോലുള്ള ഇരുക്കുകോട്ടകളിൽ പ്രധാന പ്രതിപക്ഷമായി ബി.ജെ.പി വരുന്നതിനും, മലപ്പുറം ജില്ല പഞ്ചായത്തിൽ ചുവപ്പിന്റെ സാന്നിധ്യം ഒന്നിൽ ഒതുങ്ങിയതുമെല്ലാം പ്രധാന കാരണമായി എന്നുപറഞ്ഞാൽ അതിൽ അതിശയോക്തി അശേഷമില്ല തന്നെ.
കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പൊതു ജനം ആഗ്രഹിക്കുന്നത് തികച്ചും മതേതര നിലപാടുകൾ മാത്രമാണെന്ന് ഒരിക്കൽ കൂടി കേരളം പാർട്ടിയോട് വിളിച്ചു പറയുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നുവേണം പറയാൻ. ആർ.എസ്.എസുമായി സഹകരിച്ചിരുന്നെന്ന് പരസ്യമായി പാർട്ടി അധ്യക്ഷൻ ചില മുസ്ലിം സംഘടനകളെ മാത്രം പ്രശ്നവത്കരിക്കുകയും, ആകാശത്തിന് ചുവട്ടിൽ സംഭവിക്കുന്ന മുഴുവൻ കാര്യങ്ങളുടെയും ഉത്തരം അവരാണെന്നും ഇടക്കിടെ ആണയിട്ട് കൊണ്ടിരിക്കുന്നതിന്റെയുമൊക്കെ നിരർഥകതയും ഇരട്ടത്താപ്പും സമൂഹം തിരിച്ചറിയുന്നുണ്ടെന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു വേണമെങ്കിൽ പറയാം. കാരണം വർത്തമാന ഇന്ത്യയെ മുച്ചൂടും വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഫാഷിസത്തെ അവഗണിച്ചുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊതുകിന്റെ പ്രാധാന്യം പോലുമില്ലാത്ത മുസ്ലിം സംഘടനകളെ പൊലിപ്പിച്ചുകാട്ടിക്കൊണ്ടുള്ള പ്രചാരവേലകൾ സ്വന്തം ശവക്കുഴി തോണ്ടുന്ന ഒന്നായിപ്പോയെന്ന കാര്യം പാർട്ടി തിരിച്ചറിഞ്ഞില്ല.
ചുരുക്കത്തിൽ മതേതര പാർട്ടികൾ വർഗീയത വോട്ടിനു വേണ്ടി ഉപയോഗിച്ചാൽ അതിന്റെ ഫലം കൊണ്ട് പോവുക യഥാർഥ വർഗീയ കക്ഷികളായിരിക്കുമെന്ന തിരിച്ചറിവ് നൽകുന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. പിണറായി വിജയൻ എന്ന നേതാവിന്റെ തീരുമാനങ്ങൾക്ക് മുന്നിൽ പാർട്ടിയുടെ അഭിപ്രായങ്ങൾ ചവിട്ടി മെതിക്കപ്പെടുന്നു എന്ന നഗ്നസത്യത്തിന്റെ ആത്യന്തിക ഫലം കൂടിയായി ഈ പരാജയത്തെ വിലയിരുത്തേണ്ടതുണ്ട്. പരാജയങ്ങൾ ഒന്നിന്റെയും അവസാന വാക്കല്ല എന്നതുകൊണ്ട് തന്നെ നിലവിൽ പിന്തുടരുന്ന തല തിരിഞ്ഞ നയങ്ങളിലെ തിരുത്തലുകൾ തന്നെയായിരിക്കും പാർട്ടിയുടെ തിരിച്ചു വരവിന് വഴിയൊരുക്കുക. തീവ്ര വർഗീയശക്തികളുടെ ശബ്ദവുമായി പാർട്ടിയുടെ ഒച്ച ചില നേരങ്ങളിൽ ഒത്തു പോയതിന്റെ തിക്തഫലമാണ് ഉരുക്കുകോട്ടകളിൽ സംഭവിച്ച ചില ഉലച്ചിലുകൾ. കമ്യൂണിസ്റ്റ് പാർട്ടി നില നിൽക്കേണ്ടത് മത നിരപേക്ഷ കേരളത്തിന് തീർച്ചയായും അത്യാവശ്യമായ ഒന്നാണ്.
വ്യക്തിഗതമായ താൽപര്യങ്ങൾക്കുവേണ്ടി പ്രസ്ഥാനത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളെ ഒറ്റു കൊടുക്കാൻ ഇനിയും മുതിർന്നാൽ ആത്യന്തികമായി കേരളവും ചുവന്ന കൊടി ഒരു സുഖമുള്ള ഓർമ മാത്രമായി ചുരുങ്ങിപ്പോവും. അങ്ങനെ സംഭവിക്കാതിരിക്കാൻ പാർട്ടിയെ സ്നേഹിക്കുന്നവർ തീർച്ചയായും നിസ്സംഗത വിട്ടൊഴിഞ്ഞേ പറ്റൂ. ഈ ഫലങ്ങൾ അതിനുള്ള ഒരു പ്രചോദനമായി തീരട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.