വേൾഡ് ട്രാവൽ അവാർഡ് ടൂറിസം മന്ത്രി ഫാതിമ ബിൻത്
ജഅ്ഫർ അസ്സൈറഫി ഏറ്റുവാങ്ങുന്നു
മനാമ: ആഗോള ടൂറിസം മേഖലയിലെ അന്താരാഷ്ട്ര ബഹുമതിയായ വേൾഡ് ട്രാവൽ അവാർഡ് സ്വന്തമാക്കി മനാമ. 'വേൾഡ്സ് ലീഡിങ് ബിസിനസ് ട്രാവൽ ഡെസ്റ്റിനേഷൻ' ആയാണ് ബഹ്റൈന്റെ തലസ്ഥാനമായ മനാമ തെരഞ്ഞെടുക്കപ്പെട്ടത്. ബഹ്റൈൻ ടൂറിസം മേഖലക്ക് അഭിമാനനിമിഷമായാണ് ഈ നേട്ടത്തെ രാജ്യം വിലയിരുത്തുന്നത്. മീറ്റിങ്ങുകൾ, ഇൻസെന്റീവുകൾ, കൺവെൻഷനുകൾ, എക്സിബിഷനുകൾ എന്നിവ നടത്തുന്നതിലുള്ള രാജ്യത്തിന്റെ മികവിനാണ് അവാർഡ്. എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടന്ന വേൾഡ് ട്രാവൽ അവാർഡ്സിന്റെ ഫൈനലിൽ രാജ്യത്തിനകത്തും പുറത്തുംനിന്നായി വിനോദസഞ്ചാരമേഖലയിലെ 300 പ്രമുഖർ പങ്കെടുത്തു. പുരസ്കാരചരിത്രത്തിലെ ഏറ്റവും വൈവിധ്യമാർന്ന പതിപ്പുകളിൽ ഒന്നായിരുന്നു ഇത്.
ആകെ 120 വിജയികളെ ആദരിച്ചതിൽ 110 പേർ അന്താരാഷ്ട്രവിഭാഗത്തിൽനിന്നും 10 പേർ ബഹ്റൈനിൽ നിന്നുമുള്ളവരായിരുന്നു. 2022-2026 ടൂറിസം സ്ട്രാറ്റജിയുമായി യോജിച്ചുകൊണ്ട് പ്രധാന അന്താരാഷ്ട്ര ഇവന്റുകൾ സംഘടിപ്പിക്കുന്നതിൽ മുന്നിട്ടുനിന്ന എക്സിബിഷൻ വേൾഡ് ബഹ്റൈൻ ചടങ്ങിൽ നാല് അവാർഡുകൾ കരസ്ഥമാക്കി. ബഹ്റൈനിലെ മികച്ച കൺവെൻഷൻ സെന്റർ, മിഡിൽ ഈസ്റ്റിലെ മികച്ച എം.ഐ.സി.ഇ ഇവൻറ് വേദി, ലോകത്തെ മുൻനിര വിവാഹവേദി, ലോകത്തെ മുൻനിര എം.ഐ.സി.ഇ ഇവൻറ് വേദി എന്നീ അവാർഡുകളാണ് എക്സിബിഷൻ വേൾഡ് ബഹ്റൈൻ സ്വന്തമാക്കിയത്.
കൂടാതെ രാജ്യത്തിന്റെ എയർ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതിന് ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന് 'വിമാന വ്യവസായത്തിന് നൽകിയ മികച്ച സംഭാവനക്കുള്ള അവാർഡും ലഭിച്ചു.
ചടങ്ങിന് ബഹ്റൈന് ആതിഥേയത്വം വഹിക്കാനായതും ഈ പുരസ്കാരങ്ങൾ നേടിയതും 2022-2026 ടൂറിസം സ്ട്രാറ്റജിയുടെ വിജയമാണെന്ന് ടൂറിസം മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചെയർപേഴ്സനുമായ ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പറഞ്ഞു. മീറ്റിങ്ങുകൾ, ഇൻസെന്റീവുകൾ, കൺവെൻഷനുകൾ, എക്സിബിഷനുകൾ എന്നിവയിലുള്ള ബഹ്റൈന്റെ സാന്നിധ്യം വർധിപ്പിക്കാനുള്ള ബി.ടി.ഇ.എയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് മനാമയെ 'വേൾഡ്സ് ലീഡിങ് ബിസിനസ് ട്രാവൽ ഡെസ്റ്റിനേഷൻ' ആയി തെരഞ്ഞെടുത്തതിലൂടെ വിലയിരുത്തുന്നതെന്നും അവർ പറഞ്ഞു. വിനോദസഞ്ചാര-ബിസിനസ് മേഖലകളിലെ വികസനം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ഈ നേട്ടങ്ങൾ സഹായിക്കുമെന്നും പൈതൃകം, ആതിഥ്യമര്യാദ, നൂതന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ബഹ്റൈനിലേക്ക് സന്ദർശകരെ ആകർഷിക്കാൻ കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു. വേൾഡ് ട്രാവൽ അവാർഡ്സിന്റെ സ്ഥാപകനായ ഗ്രഹാം കുക്ക്, ബഹ്റൈനെ അഭിനന്ദിക്കുകയും വിജയികളെ ആശംസിക്കുകയും ചെയ്തു. 1993ൽ ആരംഭിച്ച വേൾഡ് ട്രാവൽ അവാർഡ്സ്, ആഗോള ടൂറിസം മേഖലയിലെ മികവിന് നൽകുന്ന ഒരു അന്താരാഷ്ട്ര ബഹുമതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.