മനാമ: ജി.സി.സി പ്ലേറ്റുകളുള്ള, അഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ബഹ്റൈനിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള 1,000 ബഹ്റൈനി ദീനാർ ഫീസ് കുറക്കാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനാണ് ഈ ഉയർന്ന ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള 1,000 ദീനാർ ഫീസ് 300 ദീനാറായി കുറക്കണമെന്ന എം.പിമാരുടെ നിർദേശമാണ് സർക്കാർ നിരസിച്ചത്. ഇത് നേരത്തെ മുഴുവൻ തുക അടച്ചവരോടുള്ള അനീതിയാകുമെന്നും പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ബഹ്റൈനിൽ വാഹനങ്ങളുടെ എണ്ണം പ്രതിവർഷം 3.26 ശതമാനം എന്ന നിരക്കിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. 2003ൽ 2.73 ലക്ഷം ആയിരുന്ന വാഹനങ്ങളുടെ എണ്ണം 2023ൽ 7.49 ലക്ഷമായി ഉയർന്നിട്ടുണ്ട്.
പഴക്കം ചെന്ന വാഹനങ്ങൾ റോഡിലിറങ്ങുന്നത് ഒഴിവാക്കി സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനും ഇറക്കുമതി നിയന്ത്രിക്കുന്നതിനുമാണ് ഫീസ് ഏർപ്പെടുത്തിയത്. വാണിജ്യ ആവശ്യങ്ങൾക്കായി പഴയ വാഹനങ്ങൾ വ്യാപകമായി എത്തിക്കുന്നത് തടഞ്ഞ്, വ്യക്തിഗത ആവശ്യങ്ങൾക്കായി മാത്രം കൊണ്ടുവരുന്നത് പരിമിതപ്പെടുത്തുന്നതും ഈ ഫീസ് സഹായകമാകുമെന്ന് സർക്കാർ ചൂണ്ടിക്കാണിച്ചു.
വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ, വിദേശത്ത് ജോലി ചെയ്യുന്നതോ പഠിക്കുന്നതോ ആയ ബഹ്റൈൻ പൗരന്മാർ തിരികെ വരുമ്പോൾ കൊണ്ടുവരുന്ന വാഹനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായി വരുന്ന പ്രത്യേക വാഹനങ്ങൾ തുടങ്ങി പ്രത്യേക വാഹനക്കാർക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാർക്ക് ഈ ഉയർന്ന ഫീസ് ഭാരമാണെന്നും മൂല്യത്തിന്റെ 15 ശതമാനം വരെ നികുതിയായി നൽകേണ്ടി വരുന്നുണ്ടെന്നും എം.പിമാർ വാദിച്ചെങ്കിലും, നിയന്ത്രണ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിലവിലെ ഫീസ് ഘടന മാറ്റാനാവില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.