മനാമ: പഠനത്തിനൊപ്പം ബഹ്റൈനിലെ കലാ-സാംസ്കാരിക-സംഗീത വേദികളിലും കഴിവ് തെളിയിച്ചിരിക്കുകയാണ് ബഹ്റൈൻ പ്രവാസിയായ പ്രിയംവദ ഷാജു. ബഹ്റൈനിലെ ബിസിനസുകാരനായ കോഴിക്കോട് സ്വദേശി ഷാജുവിന്റെയും അധ്യാപികയായ തലശ്ശേരി കോടിയേരി സ്വദേശിനി നേഹയുടേയും മകളായ പ്രിയംവദ ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ബഹ്റൈൻ കേരളീയ സമാജം നടത്തിവരാറുള്ള ബി.കെ.എസ് - ദേവ്ജി ബാലകലോത്സവത്തിൽ തുടർച്ചയായി രണ്ട് പ്രാവശ്യം ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡും സാഹിത്യ രത്ന പുരസ്കാരവും പ്രിയംവദക്ക് ലഭിച്ചിട്ടുണ്ട്. നിലവിൽ ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ് സെക്രട്ടറിയാണ് പ്രിയംവദ.
കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാനിലും ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡും സാഹിത്യ രത്ന പുരസ്കാരവും തുടർച്ചയായി നേടാനും പ്രിയംവദക്ക് കഴിഞ്ഞിട്ടുണ്ട്. ബഹ്റൈനിൽ വിവിധ സംഘടനകളും മറ്റും നടത്തുന്ന പരിപാടികളിലും അവതാരകയായും പ്രിയംവദ തിളങ്ങുന്നു. സംഗീതത്തിലും നൃത്തത്തിലും ചിത്രരചനയിലും എഴുത്തിലും കഴിവ് തെളിയിച്ചിട്ടുള്ള പ്രിയംവദ കലാ രംഗത്തെന്നപോലെ അക്കാദമിക തലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
പ്രശസ്തമായ യു.എ.ഇ സൂപ്പർ സിംഗർ കോണ്ടസ്റ്റിന്റെ സീസൺ വണ്ണിൽ 2020ൽ ഒന്നാം സ്ഥാനവും സീസൺ രണ്ടിൽ 2022ൽ രണ്ടാം സ്ഥാനവും പ്രിയംവദ കരസ്ഥമാക്കിയിട്ടുണ്ട്.
ഹരിപ്പാട് സുധീഷ് സംഗീതം ചെയ്ത തിരുവോണമധുരം, ശ്രാവണ സന്ധ്യ, പ്രണയാമൃതം, വന്ദേ ബാലഗോപാലം തുടങ്ങി നിരവധി ആൽബങ്ങളിൽ പ്രിയംവദ പാടിയിട്ടുണ്ട്. ബഹ്റൈനിലെ ബി.എം.സി ഐമാക്ക് കൊച്ചിൻ കലാഭവനിൽ കർണാട്ടിക് സംഗീതവും ഇപ്പോൾ അഭ്യസിക്കുന്നുണ്ട്. പ്രശസ്ത പിന്നണി ഗായകൻ നജിം അർഷാദിന്റെ ജാതി പൂത്തരാവിൽ, സന്ധ്യ ജയരാജ് സംവിധാനം ചെയ്ത ലാവണ്ടർ, ബഹ്റൈനിലെ ആദ്യത്തെ ആന്തോളജി ഫിലിം ഷെൽട്ടറിന്റെ ഭാഗമായ ‘ദി ലോസ്റ്റ് ലാമ്പ്’ എന്ന ചിത്രത്തിൽ ഉൾപ്പെടെ നിരവധി ടെലിഫിലിമുകളിലും പ്രിയംവദ അഭിനയിച്ചിട്ടുണ്ട്. ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ വൈഗ ഷാജു
ഏക സഹോദരിയാണ്. പുതുതായി പുറത്തിറങ്ങാനുള്ള ‘ഫറാഷ’ എന്ന ഷോർട്ട് ഫിലിമിലും പ്രിയംവദ അഭിനയിച്ചിട്ടുണ്ട്. കലാരംഗത്ത് ശ്രദ്ധ പതിപ്പിക്കുന്ന പ്രിയംവദ കൂടുതൽ നല്ല അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.