മനാമ: ബഹ്റൈനിലെ നാഷനൽ ചാർട്ടർ ഹൈവേയിലും മറ്റ് പ്രധാന റോഡുകളിലും പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾ മാറ്റിസ്ഥാപിക്കുന്നതിനായി പുതിയ ഇടങ്ങൾ കണ്ടെത്താൻ ബഹ്റൈൻ സർക്കാർ നീക്കം തുടങ്ങി. ഫുഡ് ട്രക്ക് ഉടമകളുടെ ഉപജീവനത്തെ ബാധിക്കാത്ത രീതിയിൽ സൗകര്യപ്രദമായ സ്ഥലങ്ങൾ കണ്ടെത്തണമെന്ന പാർലമെന്റിന്റെ അടിയന്തര നിർദേശം സർക്കാർ അംഗീകരിച്ചു.
മുൻകൂട്ടി നോട്ടീസ് നൽകാതെ സതേൺ മുനിസിപ്പാലിറ്റി ഫുഡ് ട്രക്കുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. ലോണെടുത്തും മറ്റും ബിസിനസ്സ് തുടങ്ങിയ പ്രവാസികളും സ്വദേശികളും ഉൾപ്പെടെയുള്ള ഉടമകൾക്ക് ഈ നീക്കം വലിയ തിരിച്ചടിയാകും. ബഹ്റൈനിൽ ഏകദേശം 500 ലൈസൻസുള്ള ഫുഡ് ട്രക്കുകളാണുള്ളത്. ഇത് ഉടനടി മാറ്റിസ്ഥാപിക്കുന്നത് പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തുമെന്ന് ഫുഡ് ട്രക്ക് ഉടമകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
പുതിയതായി കണ്ടെത്തുന്ന സ്ഥലങ്ങളിൽ ആവശ്യത്തിന് പാർക്കിങ് സൗകര്യം ഉണ്ടായിരിക്കണമെന്നും കാൽനടയാത്രക്കാർക്ക് തടസ്സമാകാനോ, ട്രാഫിക് മറയ്ക്കാനോ, വീടുകൾക്ക് തൊട്ടടുത്ത് പ്രവർത്തിക്കാനോ പാടില്ലെന്നതും പുതിയ നിബന്ധനകളാണ്.
ഫുഡ് ട്രക്ക് ഉടമകളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും പുതിയ സ്ഥലങ്ങൾ നിശ്ചയിക്കുക എന്ന് സർക്കാർ അറിയിച്ചു. ആരോഗ്യ-സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതും പ്രോപ്പർട്ടി ഉടമകളുടെ അനുമതിയുള്ളതുമായ സ്ഥലങ്ങളിലേക്ക് മാത്രമേ ഇവ മാറ്റുകയുള്ളൂ. ഫുഡ് ട്രക്കുകൾ മാറ്റുന്നതിന് മുമ്പ് തന്നെ പുതിയ സ്ഥലങ്ങൾ സജ്ജമാക്കണമെന്നും ഉപകരണങ്ങൾ മാറ്റാൻ ഉടമകളെ സഹായിക്കണമെന്നും എം.പി മുഹമ്മദ് അൽ ഒലൈവി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.