മനാമ: ടൂറിസം, ബിസിനസ് മേഖലകളിൽ ഉണർവിന്റെ സൂചന നൽകി രാജ്യത്തെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ജൂലൈയിലെ കണക്കനുസരിച്ച് 3.3 ദശലക്ഷത്തിലധികം ആളുകളാണ് വിവിധ എൻട്രി പോയന്റുകളിലൂടെ കടന്നുപോയത്. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട്, കിങ് ഫഹദ് കോസ്വേ, തുറമുഖങ്ങൾ എന്നിവ വഴി രാജ്യത്തേക്ക് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്ന യാത്രക്കാരുടെ കണക്കാണിത്. ബഹ്റൈനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയാണ് ഏറ്റവും തിരക്കേറിയ പ്രവേശന കേന്ദ്രം. ജൂലൈയിൽ 14,07,970 യാത്രക്കാർ കോസ്വേ വഴി ബഹ്റൈനിലേക്ക് പ്രവേശിച്ചു. 14,27,189 യാത്രക്കാർ കോസ്വേയിലൂടെ സൗദിയിലേക്ക് പോകുകയും ചെയ്തു. എയർപോർട്ട് വഴി 2,23,784 യാത്രക്കാർ ബഹ്റൈനിലെത്തി. 2,47,564 യാത്രക്കാർ ഇവിടെനിന്ന് വിമാനമാർഗം പോകുകയും ചെയ്തു. തുറമുഖം വഴി 1856 യാത്രക്കാർ പോയപ്പോൾ 1892 യാത്രക്കാർ ബഹ്റൈനിലേക്കെത്തി.
ജൂണിലെ കണക്കനുസരിച്ച് മൊത്തം 33,78,007 യാത്രക്കാരാണ് ബഹ്റൈനിലെ വിവിധ എൻട്രി പോയന്റുകളിലൂടെ കടന്നുപോയത്. കിങ് ഫഹദ് കോസ്വേ വഴി 14,31,932 പേർ വന്നപ്പോൾ 14,55,995 പേർ ആ വഴി രാജ്യം വിട്ടു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2,13,032 യാത്രക്കാരാണെത്തിയത്. 2,73,466 യാത്രക്കാർ പോയി. തുറമുഖങ്ങൾ വഴി 1912 യാത്രക്കാരാണ് എത്തിയത്. 1670 യാത്രക്കാർ പുറപ്പെടുകയും ചെയ്തു.
ബിസിനസ്, വിനോദസഞ്ചാര ലക്ഷ്യസ്ഥാനമെന്ന നിലയിൽ ബഹ്റൈൻ മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഈ കണക്കുകൾ. രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഇതിനൊരു കാരണമാണ്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. മാത്രമല്ല, പൗരാണികമായ കെട്ടിടങ്ങളും സ്മാരകങ്ങളും മറ്റു വൈവിധ്യമാർന്ന ഘടകങ്ങളും ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.