മനാമ: വിവിധ കാരണങ്ങളാല്‍ വിസയില്ലാതെ ബഹ്റൈനില്‍ തുടരേണ്ടി വന്നവര്‍ക്ക് നിയമവിധേയമായി തൊഴിലെടുക്കാനുള്ള സാഹചര്യമൊരുക്കുന്ന ‘ഫ്ളെക്സിബ്ള്‍ വര്‍ക്പെര്‍മിറ്റി’നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്സിക്യൂട്ടിവ് ഉസാമ അല്‍ അബ്സി പറഞ്ഞു. എല്‍.എം.ആര്‍.എ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാതീരുമാനത്തെ തുടര്‍ന്നാണ് ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റിനായുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ എല്‍.എം.ആര്‍.എ തീരുമാനിച്ചത്.
മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയെയും തൊഴില്‍ വിപണിയെയും ചടുലമാക്കാന്‍ ഈ തീരുമാനം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്‍.എം.ആര്‍.എ സ്ഥാപിതമായതിന്‍െറ 10ാം വാര്‍ഷികവേളയിലാണ് ഇത് നടപ്പാക്കുന്നത്.
ഫ്ളെക്സിബ്ള്‍ വര്‍ക്പെര്‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം. പാര്‍ട്ടൈം ആയോ, മുഴുവന്‍ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴില്‍ പ്രവര്‍ത്തിക്കാം. തൊഴിലാളി തന്നെയാണ് ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. പെര്‍മിറ്റ് എടുക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും അനുവദിക്കും.
റണ്‍എവെ കേസുള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. താമസം, സോഷ്യല്‍ ഇന്‍ഷൂറന്‍സ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്തം തൊഴിലാളിക്കുതന്നെയായിരിക്കും.
ആറുമാസത്തിനുള്ളില്‍ ഇത് നടപ്പാക്കി തുടങ്ങും. ആദ്യഘട്ടത്തില്‍ പ്രതിമാസം 2000 പേര്‍ക്കാണ് പെര്‍മിറ്റ് നല്‍കുക.നിലവില്‍ 2016 സെപ്റ്റംബര്‍ 20 വരെയുള്ള കാലത്ത് തൊഴിലുടമ വിസ പുതുക്കാതിരിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടും ബഹ്റൈനില്‍ തുടരുന്നവര്‍ക്കാണ് ഫ്ളെക്സിബ്ള്‍ വര്‍ക്പെര്‍മിറ്റ് എടുക്കാനാവുക.
രണ്ടുവര്‍ഷത്തേക്കാണ് ഇത് അനുവദിക്കുക. 200 ദിനാര്‍ ആണ് ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റ് ഫീസ്. ഹെല്‍ത് കെയര്‍ ഇനത്തില്‍ 144 ദിനാറും പ്രതിമാസം ഫീസായി 30 ദിനാര്‍ വീതവും നല്‍കണം. ഇതിനുപുറമെ, നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനുള്ള പണവും ഡെപ്പോസിറ്റ് ആയി നല്‍കേണ്ടി വരും.‘ഗോസി’ തുകയും അടക്കണം.
ഫ്ളെക്സിബ്ള്‍ വര്‍ക്കര്‍, ഫ്ളെക്സിബ്ള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ എന്നിങ്ങനെ രണ്ടു തരം വര്‍ക്പെര്‍മിറ്റുകളാണ് അനുവദിക്കുക. കഫ്റ്റീരിയ, റസ്റ്റോറന്‍റ്, ഹോട്ടല്‍, സലൂണ്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഫ്ളെക്സിബ്ള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്് പെര്‍മിറ്റ് നല്‍കുന്നത്. ഇവര്‍ പ്രത്യേക മെഡിക്കല്‍ ടെസ്റ്റ് പാസാകേണ്ടി വരും. ഫെബ്രുവരിയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
പുതിയ കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സമ്പദ്വ്യവസ്ഥ കൂടുതല്‍ അയവുള്ളതായി മാറേണ്ടതുണ്ടെന്ന് ഉസാമ പറഞ്ഞു.
രാജ്യത്തെ നിലവിലുള്ള മറ്റ് നിയമങ്ങളെ മറികടന്നുള്ള ജോലി ചെയ്യല്‍ ഇതുവഴി അനുവദിക്കില്ല. അതായത്, ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റുമായി നാളെ ഒരാള്‍ തെരുവുകച്ചവടം നടത്താനിറങ്ങിയാല്‍ അത് അനുവദിക്കില്ല. ഇതൊരു ‘ബ്ളാങ്ക് ചെക്കാ’ണ് എന്ന് ആരും ധരിക്കരുത്.
തൊഴില്‍വിപണിയിലെ മാറ്റങ്ങളും ആവശ്യങ്ങളും ഉള്‍ക്കൊണ്ടുള്ള നടപടിയാണിത്. നിലവില്‍ പ്രതിമാസം രണ്ടായിരം പേര്‍ക്കാണ് ഈ വിസ അനുവദിക്കാന്‍ തീരുമാനമെങ്കിലും ഒരു വര്‍ഷത്തിനുശേഷം എണ്ണത്തില്‍ മാറ്റാം വരുത്തിയേക്കും. വിപണിയിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാകും ഈ തീരുമാനം കൈക്കൊള്ളുന്നത്.
ഇത് ദുരുപയോഗം ചെയ്യാനുള്ള അവസരങ്ങള്‍ ഒരുക്കില്ല. വിദേശത്തുനിന്ന് ബഹ്റൈനിലത്തെി ഫ്ളെക്സിബ്ള്‍ വിസ എടുത്ത് ജോലി ചെയ്യാം എന്ന ധാരണയില്‍ ആര്‍ക്കും വരാനാകില്ല.
വിസിറ്റ് വിസയിലത്തെിയവര്‍ക്കും ഫ്ളെക്സിബ്ള്‍ പെര്‍മിറ്റ് അനുവദിക്കില്ല. ഫ്ളെക്സിബിള്‍ വര്‍ക് പെര്‍മിറ്റ് എടുത്ത ഒരാള്‍ക്ക് പിന്നീട് ഏതെങ്കിലും സ്ഥാപനത്തിന്‍െറ മുഴുവന്‍ സമയ വിസയിലേക്ക് താല്‍പര്യമുണ്ടെങ്കില്‍ മാറാന്‍ സാധിക്കും. വിവിധ അതോറിറ്റികളുടെ രജിസ്ട്രേഷന്‍ ആവശ്യമുള്ള മെഡിക്കല്‍, എഞ്ചിനിയറിങ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ ജോലികള്‍ ചെയ്യാനായി ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റ് ഉള്ളവരെ അനുവദിക്കില്ല. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇതിനായി അപേക്ഷിക്കാം. ഇക്കാര്യത്തില്‍ ലിംഗവിവേചനമില്ല.
പുതിയ വിസയെക്കുറിച്ച് വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി വിവിധ സംഘടകളുമായി കൈകോര്‍ക്കും.
പ്രവാസികളുടെ താല്‍പര്യം പരിഗണിച്ച് വിവിധ ഭാഷകളില്‍ പ്രചാരണം നടത്തുമെന്നും ഉസാമ അറിയിച്ചു.
2016 സെപ്റ്റംബര്‍ 19നാണ് മന്ത്രിസഭ ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചത്.
ഇതുസംബന്ധിച്ച കോഓഡിനേഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.