മനാമ: ആഗോള മലേറിയ ദിനാചരണവുമായി ബന്ധപ്പെട്ട് ബഹ്റൈൻ വിവിധ ബോധവത്കരണ പരിപാടികൾ നടത്തും. എല്ലാ വർഷവും ഏപ്രിൽ 25നാണ് അന്താരാഷ്ട്ര തലത്തിൽ മലേറിയ വിരുദ്ധ ദിനമായി ആചരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിൽപശാലകളും മറ്റ് ബോധവത്കരണ പരിപാടികളും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൊതുകുപരത്തുന്ന രോഗമാണ് മലേറിയ. ലോകരാഷ്ട്രങ്ങൾ എല്ലാവർഷവും ഈ രോഗത്തെ പ്രതിരോധിക്കാനും ഇല്ലായ്മ ചെയ്യാനുമായി യോജിച്ച പരിപാടികൾ നടത്താറുണ്ട്. ഈ വർഷം ‘മലേറിയമുക്തമായ ലോകത്തിനായി നിക്ഷേപിക്കുക, നവീകരിക്കുക, നടപ്പാക്കുക’ എന്ന ആശയത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
1930കളിൽ മലേറിയമൂലം ഏറെ കഷ്ടതയനുഭവിച്ച രാജ്യമാണ് ബഹ്റൈൻ. നിരവധി പേർ അന്ന് പകർച്ചവ്യാധി പിടിപെട്ട് മരണമടഞ്ഞിരുന്നു. അനോഫിലസ് വർഗത്തിൽപെട്ട പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. 400 ഇനം അനോഫിലസ് കൊതുകുകളുള്ളതിൽ 40ഓളം ഇനങ്ങൾ രോഗകാരികളാണെന്നാണ് കണക്ക്. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളനുസരിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ എല്ലായ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കടുത്ത പനിയും വിറയലും ഫ്ലൂവിന് സമാനമായ ലക്ഷണങ്ങളും മലേറിയ ബാധിത രോഗികളിൽ കാണാറുണ്ട്.
1939ൽ മലേറിയ നിയന്ത്രണത്തിന് പ്രത്യേക വിഭാഗം ബഹ്റൈനിൽ തുടങ്ങിയിരുന്നു. 1979ലാണ് രാജ്യത്ത് അവസാനമായി മലേറിയ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായതും ആസൂത്രിതവുമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന് മലേറിയയെ നിർമാർജനം ചെയ്യാൻ സാധിച്ചു. 1982ൽ ലോകാരോഗ്യ സംഘടന ബഹ്റൈനെ മലേറിയ മുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു. കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്ത് ആദ്യമായി മലേറിയയെ നിർമാർജനം ചെയ്ത രാജ്യവും ബഹ്റൈനാണ്. കൊതുകുനിർമാർജനത്തിനായി കർമപദ്ധതികൾ രാജ്യത്ത് നിരന്തരം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി മലേറിയ പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടേയില്ല. പ്രതിരോധ മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.
വിദേശയാത്രികർക്ക് കൊതുകുകടിയെപ്പറ്റിയും രോഗത്തെപ്പറ്റിയും ബോധവത്കരണമുൾപ്പെടെ നൽകാറുണ്ട്. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും രക്തപരിശോധനക്കടക്കം സംവിധാനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. ഇതിനെല്ലാം പുറമെ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലാണ് മലേറിയ ഇപ്പോഴും ഗുരുതര ആരോഗ്യപ്രശ്നമായി തുടരുന്നത്. 2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ട മലേറിയ കേസുകളുടെ 95 ശതമാനവും ആഫ്രിക്കയിലായിരുന്നു. മലേറിയ മൂലമുള്ള മരണങ്ങളുടെ 96 ശതമാനവും അവിടെതന്നെയായിരുന്നു. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളാണ് ഏറെയും മരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് 6,19,000 പേർ ലോകത്ത് മലേറിയമൂലം മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.