മനാമ: ബഹ്റൈനിലെ സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ പ്രവാസികളും സ്വദേശികളും തമ്മിലുള്ള വേതന നിരക്കിൽ വലിയ വ്യത്യാസം നിലനിൽക്കുന്നതായി സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ മേഖലയിലെ ആകെ 4,73,323 പ്രവാസി തൊഴിലാളികളിൽ 3,36,746 പേരും (ഏകദേശം 71 ശതമാനം) പ്രതിമാസം 200 ബഹ്റൈൻ ദീനാറിൽ താഴെ മാത്രം വരുമാനമുള്ളവരാണ്. പ്രവാസികളുടെ മൊത്തത്തിലുള്ള ശരാശരി മാസശമ്പളം 267 ദീനാറാണെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിലാളികളിൽ മഹാഭൂരിപക്ഷവും (89.3%) പുരുഷന്മാരാണ്.
അതേസമയം, രാജ്യത്തെ സ്വദേശി ജീവനക്കാരുടെ ശമ്പള നിരക്കിൽ ശുഭകരമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈൻ പൗരന്മാരുടെ ശരാശരി മാസശമ്പളം 919 ദീനാറാണ്. ഇതിൽ പൊതുമേഖലാ ജീവനക്കാർക്ക് ശരാശരി 973 ദീനാറും സ്വകാര്യ മേഖലയിലുള്ളവർക്ക് 892 ദീനാറുമാണ് ശരാശരി വേതനം ലഭിക്കുന്നത്. ആകെ 1,57,213 സ്വദേശി ജീവനക്കാരാണ് നിലവിൽ തൊഴിലെടുക്കുന്നത്. ഇതിൽ 67 ശതമാനം പേരും സ്വകാര്യ മേഖലയെയാണ് തങ്ങളുടെ ഉപജീവനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ സർക്കാർ മേഖല വലിയ മുന്നേറ്റമാണ് നടത്തുന്നത്. മന്ത്രാലയങ്ങളിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരിൽ 55 ശതമാനവും സ്ത്രീകളാണ് (28,431 പേർ). എന്നാൽ, സ്വകാര്യ മേഖലയിൽ പുരുഷന്മാരാണ് കൂടുതൽ. ഇവിടെ 64 ശതമാനം പുരുഷന്മാരും 36 ശതമാനം സ്ത്രീകളുമാണ് ജോലി ചെയ്യുന്നത്. 36 വയസ്സാണ് ബഹ്റൈനി ജീവനക്കാരുടെ ശരാശരി പ്രായമായി കണക്കാക്കുന്നത്. വേതന നിരക്കിലെ ഈ അന്തരം ഗവൺമെന്റ് നടപ്പാക്കുന്ന തൊഴിൽ നയങ്ങളിൽ വരും ദിവസങ്ങളിൽ നിർണായകമായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.