മനാമ: നിയമ ലംഘനത്തെ തുടർന്ന് പിടിയിലായ 54 പ്രവാസികളെ നാടുകടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). എല്ലാ ആഴ്ചകളിലും നടത്തിവരാറുള്ള പരിശോധനയിൽ പിടിയിലായവരെയാണ് നാടുകടത്തിയത്. 2025 ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 6 വരെയുള്ള കാലയളവിൽ 871 പരിശോധന കാമ്പയിനുകളും സന്ദർശനങ്ങളുമാണ് നടത്തിയത്. ഈ പരിശോധനകളിൽ നിയമലംഘകരായ 16 പേരെ പിടികൂടിയിട്ടുണ്ട്.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമം, ബഹ്റൈനിലെ റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങൾ ഈ പരിശോധനകളിൽ കണ്ടെത്തി. നിയമലംഘനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എല്ലാ ഗവർണറേറ്റുകളിലുമായി 860 കടകളിലാണ് പരിശോധന നടത്തിയത്.
ഇതിനുപുറമെ, 11 സംയുക്ത പരിശോധന കാമ്പയിനുകളും നടത്തി. ആഭ്യന്തര മന്ത്രാലയവും സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനും ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഈ കാമ്പയിനുകളിൽ പങ്കെടുത്തു.
തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരശേഷിയേയും ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ തുടരുമെന്ന് എൽ.എം.ആർ.എ അറിയിച്ചു. നിയമവിരുദ്ധ തൊഴിൽ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ www.lmra.gov.bh എന്ന വെബ്സൈറ്റിലെ ഇലക്ട്രോണിക് ഫോം വഴിയോ 17506055 എന്ന കാൾ സെന്റർ നമ്പറിലോ, തവാസുൽ ആപ് വഴിയോ അറിയിക്കണമെന്ന് എൽ.എം.ആർ.എ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.