ഇറാൻ സൈന്യത്തിന് രഹസ്യങ്ങൾ ചോർത്തി നൽകി; ബഹ്‌റൈനിൽ യുവതിക്ക് ജീവപര്യന്തം തടവ്

മനാമ: ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐ.ആർ.ജി.സി) ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട യുവതിക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ബഹ്‌റൈനിലെ സൈനിക, സാമ്പത്തിക കേന്ദ്രങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി ഇറാനിയൻ ഏജൻസികൾക്ക് കൈമാറി എന്ന കുറ്റത്തിനാണ് ഈ ശിക്ഷാ നടപടി.

രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളുടെ കോർഡിനേറ്റുകളും ചിത്രങ്ങളും ശേഖരിച്ച് ശത്രുതാപരമായ നീക്കങ്ങൾക്കായി കൈമാറിയെന്ന് കോടതി കണ്ടെത്തി. കൂടാതെ, രാജ്യത്തിന്റെ സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ഇവർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ബഹ്‌റൈനെതിരായ ഇറാനിയൻ അധിനിവേശത്തെ പ്രകീർത്തിക്കുന്നതിനും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ദുരുപയോഗം ചെയ്തതായും അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള സൈബർ ക്രൈം യൂനിറ്റാണ് ഈ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടന്ന നിരീക്ഷണത്തിനിടെയാണ് സുപ്രധാന സ്ഥാപനങ്ങളുടെ വിവരങ്ങൾ പങ്കുവെക്കുന്ന അക്കൗണ്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പബ്ലിക് പ്രോസിക്യൂഷൻ ലഭിച്ച ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്. രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Leaking secrets to the Iranian military; Woman sentenced to life imprisonment in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.