കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി, ബഹ്റൈൻ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സൈദ് ജവാദ് എന്നിവർ ധാരണപത്രവുമായി
മനാമ: ആരോഗ്യ സഹകരണം മെച്ചപ്പെടുത്താൻ കുവൈത്തും ബഹ്റൈനും. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി, ബഹ്റൈൻ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സൈദ് ജവാദ്, കുവൈത്തിലെ ബഹ്റൈൻ അംബാസഡർ സലാഹ് അൽ മാൽക്കി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കൽ. ആരോഗ്യ സംരക്ഷണ മേഖലയിലെ വൈവിധ്യമാർന്ന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തൽ, മെഡിക്കൽ വൈദഗ്ധ്യവും അറിവും കൈമാറ്റം എന്നിവയാണ് ധാരണപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കൽ, നവീകരണം, പ്രാദേശിക ആരോഗ്യ സുരക്ഷ വർധിപ്പിക്കൽ, സംയുക്ത പരിശീലനം, കാര്യക്ഷമത പങ്കിടൽ, ഗവേഷണ സാങ്കേതിക മേഖലകൾ വികസിപ്പിക്കൽ എന്നിവയിൽ സഹകരണവും ഉന്നമിടുന്നു. കുവൈത്തും ബഹ്റൈനും തമ്മിലുള്ള സഹോദര ബന്ധവും തന്ത്രപരമായ പങ്കാളിത്തവും ധാരണപത്രം പ്രതിഫലിപ്പിക്കുന്നതായി ഒപ്പുവെക്കലിനുശേഷം, ആരോഗ്യ മന്ത്രാലയത്തിലെ വിദേശകാര്യ ആരോഗ്യ സേവന കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹിഷാം കലന്ദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.