മനാമ: കോട്ടയം ഗവ. മെഡിക്കൽ കോളജ് തകർന്ന് അപകടത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ ശക്തമായ ദുഃഖം രേഖപ്പെടുത്തി. ആശുപത്രിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത് മകളുടെ ചികിത്സാർഥമെത്തിയ അമ്മക്കാണ്.
തലയോലപ്പറമ്പ് ഉമ്മൻകുന്ന് മേപ്പത്ത് കുന്നേൽ ഡി. ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽപ്പെട്ട ബിന്ദുവിനെ രണ്ടര മണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. അപകടത്തിൽ ഒരുകുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. തകർന്നുവീണ കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പൊലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാൽ, അമ്മയെ കാണാനില്ലെന്ന് ബിന്ദുവിന്റെ മകൾ പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്. അതിനിടെ പരിശോധന നടത്താൻ മണിക്കൂറുകൾ വൈകിയതാണ് ഒരു മരണം ഉൾപ്പെടെ സംഭവിക്കാൻ ഇടയാക്കിയത്.
ഈ അനാസ്ഥക്ക് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഒന്നടങ്കം ഉത്തരവാദികളാണ്. ഇത്തരം വിഷയങ്ങൾ അടിക്കടി ഉണ്ടാവുന്നതിൽ സംഘടന നടുക്കം രേഖപ്പെടുത്തി. ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പിന്റെ മുഴുവൻ അനാസ്ഥയുടെ ഭാഗമായി ഒരാൾ രക്തസാക്ഷി ആയതടക്കം, സംഭവിച്ച വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മന്ത്രി രാജി വെക്കണമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് ആവിശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.