അന്തർജല പുരാവസ്തു ഗവേഷണ ഉദ്യോഗസ്ഥർ
മനാമ: ബഹ്‌റൈന്റെ സമുദ്ര പൈതൃകം കണ്ടെത്തുന്നതിനും പഠിക്കുന്നതിനുമായി പുതിയ സംയുക്ത പദ്ധതിക്ക് തുടക്കമായി. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസും (ബി.എ.സി.എ), സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയും (എസ്.എൽ.ആർ.ബി), ജപ്പാനിലെ ടോക്യോ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറൽ പ്രോപ്പർട്ടി റിസർച്ചും ചേർന്നാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.
ബഹ്‌റൈൻ കടലിനടിയിലുള്ള പുരാവസ്തു അവശിഷ്ടങ്ങളും ചരിത്രപ്രധാനമായ കപ്പലപകട അവശിഷ്ടങ്ങളും കണ്ടെത്താനും ഡിജിറ്റൽ രീതിയിൽ രേഖപ്പെടുത്താനും അത്യാധുനിക സാങ്കേതികവിദ്യകൾ ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്തും. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെയും കടലുമായി ബഹ്‌റൈൻ ജനതയ്ക്കുള്ള ബന്ധത്തെയും കൂടുതൽ അടുത്തറിയാൻ ഈ പഠനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഹൈഡ്രോഗ്രാഫിക് സർവേകൾ, ജിയോഫിസിക്കൽ സർവേകൾ, സോണർ സിസ്റ്റങ്ങൾ, ഉയർന്ന കൃത്യതയുള്ള പൊസിഷനിംഗ് സാങ്കേതികവിദ്യകൾ എന്നിവയ്ക്കൊപ്പം സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയുടെ 'സർവേ 2050' എന്ന റിസർച്ച് വെസ്സലും ഈ പുരാവസ്തു പര്യവേക്ഷണങ്ങൾക്ക് ഉപയോഗിക്കും. ജപ്പാനുമായുള്ള ഈ സഹകരണം സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.