ജൂലൈ ജോറാക്കി ബഹ്റൈൻ ഫോർട്ട്: ജൂലൈയിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ച സാംസ്കാരിക പൈതൃക കേന്ദ്രം

മനാമ: ജൂലൈയിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ച് ബഹ്‌റൈന്റെ ജനപ്രിയ സാംസ്കാരിക ആകർഷണ കേന്ദ്രമായ ബഹ്റൈൻ ഫോർട്ട്. ജനങ്ങളുടെ ഇഷ്ടയിടം എന്ന നിലക്ക് ഫോർട്ട് വീണ്ടും പ്രീതി വർധിപ്പിക്കുന്നതായി നാഷണൽ ഓപ്പൺ ഡാറ്റ പ്ലാറ്റ്‌ഫോം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ മറ്റുള്ള എല്ലാ പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളേക്കാളും മികച്ച സന്ദർശന പ്രവാഹമാണ് ബഹ്റൈൻ ഫോർട്ടിലേക്കുള്ളത്. 9,142 സന്ദർശകരെയാണ് ജൂലൈ മാസത്തിൽ മാത്രം ഈ ചരിത്ര സ്മാരകം വരവേറ്റത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഈ പുരാവസ്തു കേന്ദ്രത്തിലേക്ക് ആകെ എത്തിയ സന്ദർശകരിൽ ഏറ്റവും വലിയ വിഭാഗം വിദേശ ടൂറിസ്റ്റുകളാണ് (4,282 പേർ).

തൊട്ടുപിന്നാലെ 4,202 ബഹ്‌റൈൻ പൗരന്മാരും എത്തി. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള 455 പേരും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള 120 പേരും മറ്റ് സംഘങ്ങളായെത്തിയ 83 പേരും ഇവിടെ സന്ദർശനം നടത്തി. കണക്കുകൾ പ്രകാരം 2,432 സന്ദർശകരുമായി ബഹ്‌റൈൻ നാഷണൽ മ്യൂസിയം രണ്ടാം സ്ഥാനം നേടി. ഇതിൽ 1,201 വിദേശികളും, 472 ബഹ്‌റൈനികളും, 393 ജി.സി.സി പൗരന്മാരും ഉൾപ്പെടുന്നു.

കൂടാതെ അറബ് രാജ്യങ്ങളിൽ നിന്നും സ്കൂളുകൾ, നഴ്സറികൾ, ട്രാഫിക് ഏജൻസികൾ എന്നിവയിൽ നിന്നും സന്ദർശകർ എത്തിയിരുന്നു. 1,644 സന്ദർശകരുമായി 'ട്രീ ഓഫ് ലൈഫ് ആൻഡ് വിസിറ്റേഴ്സ് സെന്റർ' മൂന്നാം സ്ഥാനം കരസ്ഥമാക്കി. ബഹ്‌റൈനിലെ പ്രകൃതിപരവും സാംസ്കാരികവുമായ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണിത്.

മറ്റ് പൈതൃക കേന്ദ്രങ്ങളിലും ജൂലൈ മാസത്തിൽ നല്ല രീതിയിൽ സന്ദർശകർ എത്തിയിട്ടുണ്ട്. ചരിത്രവും സംസ്കാരവും ടൂറിസവും സംഗമിക്കുന്ന ഒരു പ്രധാന കേന്ദ്രമെന്ന ബഹ്‌റൈന്റെ ഖ്യാതി വർദ്ധിപ്പിക്കുന്നതാണ് ഈ ജൂലൈ മാസത്തെ കണക്കുകളെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - സന്ദർശകരെ ആകർഷിച്ച് ബഹ്റൈൻ ഫോർട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.