മനാമ: ബഹ്‌റൈനിലെ നഗരങ്ങളെ കൂടുതൽ തണുപ്പുള്ളതും ഹരിതാഭവും സുസ്ഥിരവുമാക്കുക എന്ന ലക്ഷ്യത്തോടെ സ്മാർട്ട് നഗര പദ്ധതികളുമായി മുനിസിപ്പൽ കൗൺസിലുകൾ രംഗത്ത്. ചൂട് പ്രതിരോധിക്കുന്ന നടപ്പാതകൾ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന തണൽ പന്തലുകൾ, റൂഫ്‌ടോപ്പ് ഫാമുകൾ, ഓഗ്മെന്റഡ് റിയാലിറ്റി ഹെറിറ്റേജ് ട്രെയലുകൾ, റീസൈക്ലിംഗ് ഹബ്ബുകൾ തുടങ്ങിയ നവീന ആശയങ്ങളാണ് അധികൃതർ മുന്നോട്ടുവെക്കുന്നത്.
വർദ്ധിച്ചുവരുന്ന താപനിലയെ പ്രതിരോധിക്കുക, ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, മാലിന്യങ്ങൾ കുറയ്ക്കുക, ടൂറിസം പ്രോത്സാഹിപ്പിക്കുക, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ. സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് മാത്രമല്ല സ്മാർട്ട് നഗരങ്ങൾ എന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറാദ വ്യക്തമാക്കി. നടപ്പാതകളിൽ ചൂട് പ്രതിരോധിക്കുന്ന പ്രതലങ്ങളും ആധുനിക തണൽ പന്തലുകളും ഒരുക്കുന്നത് നഗരങ്ങളിലെ ചൂട് കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റുകളും ഫോൺ ചാർജിംഗ് സ്റ്റേഷനുകളും പൊതുസ്ഥലങ്ങളെ കൂടുതൽ ആകർഷകമാക്കും. മുഹറഖിന്റെ ചരിത്രവും പൈതൃകവും പുതിയ രീതിയിൽ അനുഭവവേദ്യമാക്കാൻ ഓഗ്മെന്റഡ് റിയാലിറ്റി വാക്കിംഗ് ട്രെയലുകൾ സഹായിക്കുമെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു. ചരിത്രപ്രധാനമായ അടയാളങ്ങൾ ഡിജിറ്റൽ കഥകളിലൂടെയും ത്രിഡി പുനർനിർമ്മാണങ്ങളിലൂടെയും സന്ദർശകർക്ക് അനുഭവിക്കാൻ ഇതിലൂടെ സാധിക്കും.
ഉപയോഗശൂന്യമായ മുനിസിപ്പൽ ഭൂമിയും പൊതു കെട്ടിടങ്ങളുടെ മേൽക്കൂരകളും ഭക്ഷ്യസുരക്ഷയ്ക്കായി ഉപയോഗിക്കണമെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് ആവശ്യപ്പെട്ടു. ഹൈഡ്രോപോണിക്, അക്വപോണിക് കൃഷിരീതികൾ വഴി വർഷം മുഴുവൻ പുതിയ പച്ചക്കറികൾ ഉത്പാദിപ്പിക്കാനും യുവസംരംഭകർക്ക് അവസരമൊരുക്കാനും ഇത് സഹായിക്കും.
റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കുന്ന റിവേഴ്സ്-വെൻഡിംഗ് മെഷീനുകളും അപ്സൈക്ലിംഗ് ഹബ്ബുകളും ലാൻഡ്ഫില്ലുകളിലെ മാലിന്യം ഗണ്യമായി കുറയ്ക്കുമെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. സയ്യിദ് ഷുബ്ബാർ അൽ വെദായി പറഞ്ഞു.
ചെടികൾ, സ്മാർട്ട് അടിസ്ഥാന സൗകര്യങ്ങൾ, സമൂഹത്തിന്റെ സജീവ പങ്കാളിത്തം എന്നിവയിലൂടെ ബഹ്‌റൈന്റെ പരിസ്ഥിതി ലക്ഷ്യങ്ങൾ കൈവരിക്കാനും സുസ്ഥിര നഗര വികസനത്തിൽ രാജ്യത്തിന്റെ പങ്ക് ഉറപ്പിക്കാനും ഈ പദ്ധതികൾ സഹായിക്കുമെന്ന് മുനിസിപ്പൽ നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.