നിർമാണ സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രി
മനാമ: ബഹ്‌റൈനിൽ നടപ്പിലാക്കി വരുന്ന ഉച്ചവേളയിലെ തൊഴിൽ നിരോധന ഉത്തരവ് പാലിക്കുന്നത് വിലയിരുത്തുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രിയും നിയമകാര്യ മന്ത്രിയുമായ യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫ് വിവിധ നിർമാണ സ്ഥലങ്ങൾ സന്ദർശിച്ചു.
ജൂൺ 15 മുതൽ ആഗസ്റ്റ് 31 വരെയാണ് ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേറ്റ് ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
സന്ദർശന വേളയിൽ തൊഴിലിടങ്ങളിലെ സുരക്ഷാ മുൻകരുതലുകൾ മന്ത്രി വിലയിരുത്തുകയും ഒക്യുപേഷണൽ സേഫ്റ്റി സൂപ്പർവൈസർമാരുമായി ചർച്ച നടത്തുകയും ചെയ്തു. പ്രത്യേകിച്ച് വേനൽക്കാലത്ത് തൊഴിലാളികൾക്ക് സൂര്യാഘാതവും ജോലിസ്ഥലത്തെ അപകടങ്ങളും ഒഴിവാക്കാൻ സുരക്ഷിത അന്തരീക്ഷം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്നതിലും തൊഴിലുടമകൾ കാണിച്ച ഉയർന്ന തോതിലുള്ള പ്രതിബദ്ധതയെ മന്ത്രി പ്രശംസിച്ചു. ബഹ്‌റൈന്റെ സുരക്ഷിതവും ഉൽപ്പാദനക്ഷമവുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾക്ക് ഇത്തരം നടപടികൾ കരുത്തുപകരുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിരോധന സമയത്ത് തൊഴിലിടങ്ങളിൽ പരിശോധനകൾ ശക്തമാക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഇൻസ്പെക്ഷൻ ടീമുകൾ ദിവസേന സന്ദർശനങ്ങൾ നടത്തുന്നുണ്ട്. കുടിവെള്ളവും വിശ്രമ സൗകര്യങ്ങളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നുണ്ടോയെന്നും സംഘം പരിശോധിക്കുന്നു. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനായി അവ കേസ് കോടതിയിലേക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.