നവകേരള കുടുംബസംഗമത്തിൽ സംസാരിക്കുന്ന മന്ത്രി ജി.ആർ. അനിൽ
മനാമ: എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി വീട്ടുനമ്പർ ഉള്ളവർക്ക് മാത്രം റേഷൻ കാർഡ് എന്ന നിലവിലെ മാനദണ്ഡം മാറ്റി ആധാർ കാർഡ് ഉള്ള എല്ലാവർക്കും റേഷൻ കാർഡ് നൽകുകയും കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാനുള്ള വിപ്ലവകരമായ തീരുമാനത്തിന് ആദ്യ ചുവട് എന്ന നിലയിൽ ഈ തീരുമാനം എടുത്ത സർക്കാറണ് കേരളത്തിലെ ഇടത് സർക്കാറെന്ന് കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ബഹ്റൈൻ നവകേരള ഇന്ത്യൻ ഡിലൈറ്റ് പാർട്ടി ഹാളിൽ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രത്യേകിച്ചും പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സർക്കാർ പദ്ധതികളെല്ലാം പൂർത്തിയാക്കാൻ സാധിക്കുന്നത് നല്ലവരായ പ്രവാസികളുടെ കൈത്താങ്ങോടെയാണെന്നും മലയാളികളുടെ കൂട്ടായ്മയുടെയും സംഘടനാബോധത്തിന്റെയും ഒക്കെ പ്രതിഫലനമാണ് 40 വർഷത്തിലധികമായി കെട്ടുറപ്പോടെ ഈ സംഘടന മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതെന്നും ഈ കുടുംബസംഗമത്തിൽ പങ്കെടുക്കുന്നത് അതുകൊണ്ടുതന്നെ സന്തോഷവും അഭിമാനവുമാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ ജീവകാരുണ്യമേഖലയിൽ പ്രശസ്ത സേവനം നടത്തുന്ന മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് റഹിം വാവകുഞ്ഞിന്റെ അഭാവത്തിൽ മകൻ അൻസിൽ ബഷീറിനും ബിസിനസ് രംഗത്ത് 25 വർഷം പൂർത്തിയാക്കിയ കെ.ആർ. പ്രദീപ് കുമാറിനും നവകേരളയുടെ ഉപഹാരം മന്ത്രി നൽകി. പ്രസിഡന്റ് എൻ.കെ. ജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. സുഹൈൽ സ്വാഗതവും കോർഡിനേഷൻ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ജേക്കബ് മാത്യു, ലോക കേരള സഭ അംഗം ഷാജി മൂതല എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ഷാജഹാൻ കരിവന്നൂർ എം.സി ആയ പരിപാടിയിൽ ജോ.സെക്രട്ടറി പ്രശാന്ത് മാണിയത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.