മനാമ: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ ഡിസംബര്‍ അഞ്ചിന് മലബാര്‍ ഡെവലപ്മെന്‍റ് ഫോറത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന പാര്‍ലമെന്‍റ് മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി മലയാളി ഫെഡറേഷനും യാത്രസമിതിയും ചേര്‍ന്ന് വിവിധ സംഘടനാ നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും അണിനിരത്തി മനുഷ്യമതില്‍ സൃഷ്ടിച്ചു. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള മലബാര്‍ ഭാഗത്തെ പൊതുമേഖലയിലെ കരിപ്പൂര്‍ വിമാനത്താവളം പ്രവാസികള്‍ക്ക് ഗുണകരമായി നിലനിര്‍ത്തുക, റണ്‍വേ വികസനം സാധ്യമായ സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ തിരിച്ചുകൊണ്ടുവരിക, പുതിയ സര്‍വീസ് തുടങ്ങുക , ഹജ്ജ് സര്‍വീസ് കരിപ്പൂരിലേക്ക് തിരികെ കൊണ്ടുവരിക, പച്ചക്കറി അടക്കമുള്ള സാധനങ്ങളുടെ കയറ്റുമതിക്ക് വീണ്ടും സാഹചര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും പിന്തുണ ഉറപ്പാക്കും.
മലബാര്‍ ഡെവലപ്മെന്‍റ് ഫോറം പാര്‍ലമെന്‍റ് മാര്‍ച്ചിന്‍െറ ലോഗോ ലോഗോ മുന്‍ എം. എല്‍. എ. സത്യന്‍ മൊകേരിക്ക് നല്‍കി പ്രവാസി മലയാളി ഫെഡറേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്‍റ് ജോണ്‍ ഫിലിപ്പ് പ്രകാശനം ചെയ്തു. പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വേണുഗോപാല്‍, യാത്ര സമിതി ചെയര്‍മാന്‍ കെ.ടി. സലീം, അഡൈ്വസര്‍ ഇ.കെ. സലീം, ജനറല്‍ കണ്‍വീനര്‍ സാനി പോള്‍, വൈസ് ചെയര്‍മാന്മാരായ എ.സി.എ. ബക്കര്‍, അജി ഭാസി എന്നിവര്‍ നേതൃത്വം നല്‍കി.
അഷ്റഫ് മയഞ്ചേരി, സമീര്‍ ഹംസ, നാസര്‍ ടെക്സിം, നജീബ് കടലായി എന്നിവര്‍ ബഹ്റൈനില്‍ നിന്ന് പാര്‍ലമെന്‍റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.