മനാമ: സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനായി ഭരണഘടന ഭേദഗതി ആവശ്യവുമായി എം.പിമാർ. അബ്ദുൽ വാഹിദ് ഖരാത്തയുടെ നേതൃത്വത്തിലുള്ള 23 എം.പിമാരാണ് നിർദേശം സമർപ്പിച്ചത്.
പുതിയ ഭേദഗതി നടപ്പായാൽ പൗരന്മാരുടെ യോഗ്യതകൾക്കനുസരിച്ച് തൊഴിൽ നൽകേണ്ടത് സർക്കാറിന്റെ നിയമപരമായ ഉത്തരവാദിത്തമായി മാറും.
ബഹ്റൈൻ ഭരണഘടന ആർട്ടിക്ൾ 13ലെ ഖണ്ഡിക (ബി) ആണ് ഭേദഗതി ചെയ്യണമെന്ന് നിർദേശിച്ചിട്ടുള്ളത്. നിലവിൽ ജോലി ചെയ്യാനുള്ള അവകാശത്തെക്കുറിച്ച് മാത്രമാണ് ഭരണഘടനയിൽ പറയുന്നത്.
എന്നാൽ, പുതിയ ഭേദഗതിയിലൂടെ തൊഴിൽ രംഗത്ത് നീതിയും തുല്യതയും ഉറപ്പാക്കാനും, സ്വദേശികൾക്ക് മുൻഗണന നൽകാനും സർക്കാറിന് നേരിട്ടുള്ള ചുമതലയുണ്ടാകും. രാജ്യത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയും, സ്വദേശികളും വിദേശികളും തമ്മിലുള്ള അവസരങ്ങളിലെ അസമത്വവും പരിഗണിച്ചുകൊണ്ടാണ് ഈ നിർദേശമെന്ന് എം.പിമാർ വ്യക്തമാക്കി.
പുതിയ ഭേദഗതി നിയമമാകുന്നതോടെ നിയമനങ്ങളിൽ സ്വദേശികൾക്ക് മുൻഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.