വേണു വടകര
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ഗൾഫ് മേഖലയിൽ നിസ്വാർഥമായ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിക്ക് നൽകിവരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം 2025 പ്രഖ്യാപിച്ചു. സാമൂഹിക പ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായി കണ്ണൂർ, മട്ടന്നൂർ മേഖലകളിൽ പ്രവർത്തനം നടത്തുകയും, മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന ധീര രക്തസാക്ഷി ഷുഹൈബ് എടയന്നൂർ സ്മരണാർഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം നൽകിവരുന്നത്.
ബഹ്റൈൻ പ്രവാസലോകത്ത് നിശ്ശബ്ദ സേവനം നടത്തി, വർഷങ്ങളായി സാധാരണക്കാരന്റെ ആവശ്യങ്ങൾക്കായി നിസ്വാർഥമായി സേവനം അനുഷ്ഠിക്കുന്ന വേണു വടകരയാണ് ഇത്തവണ പുരസ്കാരത്തിന് അർഹനായിരിക്കുന്നത്. നാട്ടിലേയും വിദേശത്തേയും കാരുണ്യ, സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന വ്യക്തിത്വമാണ്. പ്രത്യേകിച്ച് നോർക്കയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പ്രവാസി ക്ഷേമനിധി അംഗത്വം ചേർപ്പിക്കാനും, സർക്കാർ ആനുകൂല്യങ്ങൾ അർഹരായവർക്ക് വാങ്ങിക്കൊടുക്കാനും അദ്ദേഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയവും നിർണായകവുമാണ്. അഷ്റഫ് താമരശ്ശേരി, ശിഹാബ് കൊട്ടുകാട്, ബഷീർ അമ്പലായി, മനോജ് വടകര, സാബു ചിറമേൽ എന്നിവർക്കാണ് ഇതിനു മുന്നേ ഈ അവാർഡ് നൽകിയത്.
2025 ജൂൺ 27ന് ബഹ്റൈൻ കേരളീയ സമാജത്തിൽവെച്ച് പ്രമുഖ കോൺഗ്രസ് നേതാക്കളും, ഗായകൻ ഹനാൻ ഷാ ഉൾപ്പെടെയുള്ളവരും പങ്കെടുക്കുന്ന പത്താമത് യൂത്ത് ഫെസ്റ്റ് 2025 വേദിയിൽ വെച്ച് ഈ വർഷത്തെ ‘ഐ.വൈ.സി.സി ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം’ സമ്മാനിക്കുമെന്ന് ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം എന്നിവർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.