ഐ.വൈ.സി.സി പ്രവർത്തകർ വിജയാഘോഷത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്യുന്നു
മനാമ: കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) നേടിയ ഉജ്ജ്വല വിജയം ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ആവേശപൂർവം ആഘോഷിച്ചു.
ദേശീയ കമ്മിറ്റിയുടെയും, മനാമ, മുഹറഖ്, ഹമദ് ടൗൺ ഏരിയ കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ മേഖലകളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചത്. ഐ.വൈ.സി.സി മുഹറഖ് ഏരിയയും കെ.എം.സി.സി മുഹറഖ് ഏരിയയും സംയുക്തമായി നടത്തിയ വിജയാഘോഷവും ശ്രദ്ധേയമായി. ഈ സംയുക്ത പരിപാടി ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിന്റെ ഈ വൻ വിജയം, കേരളത്തിൽ രൂപപ്പെട്ട സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ വ്യക്തമായ സൂചനയാണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ പ്രസ്താവിച്ചു.
ഈ ജനവിധി ഒരു പ്രാദേശിക തെരഞ്ഞെടുപ്പ് വിജയമല്ല; മറിച്ച്, 2026ൽ യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്താനുള്ള ആദ്യത്തെ ജനകീയ സമ്മാനമാണിത്. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം, മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, റാസിബ് വേളം, മണികണ്ഠൻ ചന്ദ്രോത്ത്, വിജയൻ ടി.പി, ജയഫർ അലി വെള്ളേങ്ങര, ശരത് കണ്ണൂർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ വിജയം യു.ഡി.എഫിന്റെ മതേതര ജനാധിപത്യ നിലപാടുകൾക്ക് ലഭിച്ച അംഗീകാരമാണെന്നും, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ദിശ നിർണയിക്കുന്ന ഒന്നാണിതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.